തൃശൂര്‍: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മുന്‍ മന്ത്രി എ.പി അനില്‍കുമാറിനുമെതിരെ ത്വരിതാന്വേഷണത്തിന് തൃശൂര്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവ്. 

പാലക്കാട് മെഡിക്കല്‍ കോളേജിലെ നിയമനങ്ങളില്‍ ക്രമക്കേട് ഉണ്ടെന്ന പരാതിയിലാണ് കോടതി ഉത്തരവ്. സ്ഥിര നിയമനങ്ങള്‍ക്ക് പി.എസ്.സി യെയോ, താത്കാലിക നിയമനത്തിന് എംപ്ലോയ്‌മെന്റ് എക്‌സേഞ്ചിനെയോ ചുമതലപ്പെടുത്താതെ സ്വന്തമായി സൊസൈറ്റി രൂപീകരിച്ച് ഇഷ്ടക്കാര്‍ക്ക് നിയമനം നല്‍കിയെന്നാണ് പരാതി.

യുവമോര്‍ച്ച പാലക്കാട് ജില്ലാ സെക്രട്ടറി പി. രാജീവാണ് പരാതിക്കാരന്‍. സെപ്തംബര്‍ 19നകം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു. തിരുവനന്തപുരം സ്‌പെഷ്യല്‍ ഇന്‍വസ്റ്റിഗേഷന്‍ സംഘത്തിനാണ് അന്വേഷണ ചുമതല.