കൊച്ചി: പറവൂര്‍ പെണ്‍വാണിഭക്കേസ് അന്വേഷിച്ച് ഒരു ഡിവൈഎസ്‌പിക്കെതിരെ കൂടി അനധികൃത സ്വത്ത് സമ്പാദനത്തിന് വിജിലന്‍സ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു. നിലവില്‍ കൊച്ചിയില്‍ ആഭ്യന്തര സുരക്ഷാ വിഭാഗം ഡിവൈഎസ്‌പിയായ ബിജോ അലക്‌സാണ്ടര്‍ക്കെതരിയാണ് ഇന്ന് കേസെടുത്തത്. ഇദ്ദേഹത്തിന്റെ വീട്ടിലും ഓഫീസിലും വിജിലന്‍സ് റെയ്ഡ് നടത്തി.

കോളിളക്കം സൃഷ്ടിച്ച പറവൂര്‍ പെണ്‍വാണിഭക്കേസ് അന്വേഷിച്ച ഡിവൈഎസ്‌പി ബിജു സ്റ്റീഫനെതിരെ രണ്ടാഴ്ച മുമ്പ് വിജിലന്‍സ് അനധികൃത സ്വത്ത് സമ്പാദനക്കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇതേ കേസ് അന്വേഷിച്ച ഡിവൈഎസ്‌പിയായ ബിജോ അലക്‌സാണ്ടര്‍ക്കെതിരെയും മുവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ എഫ് ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വരുമാനത്തേക്കാള്‍ 150 ശതമാനത്തിലധികം അനധികൃത സ്വത്ത് സമ്പാദിച്ചുവെന്നാണ് വിജിലന്‍സ് ആരോപിക്കുന്നത്. കൊച്ചിയിലെ ഇരുമ്പനത്ത് ബിജോ അലക്‌സാണ്ടര്‍ 70 ലക്ഷം രൂപ ചെലവഴിച്ച് ഇരുനില വീട് നിരമിച്ചിട്ടുണ്ട്. 12 ലക്ഷം രൂപയാണ് ബാങ്ക് വായ്പ. വരുമാനവുമായി തട്ടിച്ചു നോക്കുമ്പോള്‍ ബാക്കി പണത്തിന്റെ ഉറവിടം വ്യക്തമല്ലെന്നാണ് വിജിലന്‍സിന്റെ റിപ്പോര്‍ട്ട്.

പറവൂര്‍ പെണ്‍വാണിഭക്കേസുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങള്‍ ബിജോ അലക്‌സാണ്ടര്‍ക്കര്‍ക്കെതിരെ ഉയര്‍ന്നിരുന്നു. കേസില്‍ ബാംഗ്ലൂരില്‍ അറസ്റ്റിലായ പ്രതിയുടെ കൈവശമുണ്ടായിരുന്ന സ്വര്‍ണം കൈക്കലാക്കി എന്നായിരുന്നു ഒരു ആരോപണം. കൊച്ചിയിലെ ഒരു ജ്വല്ലറിയിലേക്ക് കൊണ്ടുപോകുകയായിരുന്ന കള്ളക്കടത്ത് സ്വര്‍ണം പിടികൂടിയപ്പോള്‍ ഇതിലെ ഒരു ഭാഗം കൈവശപ്പെടുത്തി എന്നും ആരോപണം ഉയര്‍ന്നു. പറവൂര്‍ കേസിലെ ചില പ്രതികളെ കൈക്കൂലി വാങ്ങി രക്ഷിക്കാന്‍ ശ്രമിച്ചുവെന്നും കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. പിന്നീട് സര്‍ക്കാര്‍ തന്നെ ബിജോ അലക്‌സാണ്ടര്‍ക്കെതിരെ ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കുകയും അന്വഷണ ച്ചുമതലയില്‍ നിന്ന് നീക്കുകയും ചെയ്തു.