കൊച്ചി: വിജിലൻസ് ഉദ്യോഗസ്ഥർ ചമഞ്ഞെത്തി പെരുമ്പാവൂരിലെ വീട്ടിൽ നിന്നും പണവും സ്വർണവും കവർന്ന കേസിലെ പ്രതികളുടെ തിരിച്ചറിയൽ പരേഡ് നടത്താൻ കോടതിയുടെ അനുമതി. എഎസ്ഐ രഞ്ചൻ,നസീർ,രാജൻ എന്നിവരുടെ തിരിച്ചറിയൽ പരേഡ് നടത്താനാണ് നടപടിയായത്
വിജിലൻസ് ഉദ്യോഗസ്ഥർ ചമഞ്ഞെത്തി പെരുമ്പാവൂരിലെ സിദ്ധിക്കിന്റെ വീട്ടിൽ നിന്നാണ് 60 പവൻ സ്വർണവും കാൽലക്ഷം രൂപയും മൊബൈൽഫോണുകളും കവർന്നത്. പരിശോധനക്കെന്ന പേരിൽ മുറികളിൽ കയറിയിറങ്ങിയ സംഘം അലമാരയിൽ സൂക്ഷിച്ച പണവും സ്വർണവും കൈവശപ്പെടുത്തുകയായിരുന്നു. സിദ്ധിക്കിന് അനധികൃത സമ്പാദ്യമുണ്ടെന്ന് പരാതി കിട്ടിയെന്നാരോപിച്ചായിരുന്നു സംഘത്തിന്റെ പരിശോധന.
പരിശോധന നടത്തിയ സംഘത്തിലുണ്ടായിരുന്ന കുപ്രസിദ്ധ കുറ്റവാളി അബ്ദുൽ ഹാലിം അടക്കം അഞ്ചു പേരെ നേരത്തെ പോലീസ് പിടികൂടിയിരുന്നു. സംഘത്തിലുളള എഎസ്ഐ രഞ്ചൻ,നസീർ,രാജൻ എന്നിവരെയാണ് വിശദമായ തിരിച്ചറിയൽ പരേഡ് നടത്താൻ അന്വേഷണസംഘം തീരുമാനിച്ചത്. ഇതിനായി കോടതിയിൽ നൽകിയ അപേക്ഷ അംഗീകരിച്ചു. കോടതി അനുമതി നൽകിയതോടെ മൂന്നു പ്രതികളെയും വൈകാതെ തിരിച്ചറിയൽ പരേഡ് നടത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
