കഴിഞ്ഞ നാല് മാസത്തിനിടെ വ്യവസായ വകുപ്പില്‍ നടന്ന നിയമനങ്ങള്‍ അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ടായിരുന്നു വിജിലന്‍സ് കോടതിയില്‍ ഹര്‍ജിയെത്തിയത്. ഈ ഹര്‍ജി പരിഗണിക്കവേയാണ് വിജിലന്‍സിന് വേണ്ടി അഡീഷണല്‍ ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ കെ ഡി ബാബു കോടതിയില്‍ വിശദീകരണം നല്‍കിയത്. സമാനമായ രണ്ട് പരാതികള്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം തുടങ്ങിയെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് പരാതി ലഭിച്ചിട്ടുള്ളത്. പരാതിക്കാര്‍ ആദ്യം സമീപിക്കേണ്ടത് വിജിലന്‍സിനെ ആയിരുന്നുവെന്നും അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. വിശദീകരണം കേട്ടതിന് ശേഷം , ഈ മാസം 17ന് അന്വേഷണ പുരോഗതി അറിയിക്കാന്‍ കോടതി ആവശ്യപ്പെട്ടു. അന്നേ ദിവസം യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നടന്ന 16 ബന്ധു നിയമനങ്ങളെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മറ്റൊരു ഹര്‍ജിയും കോടതി പരിഗണിക്കുന്നുണ്ട്.
കഴിഞ്ഞ സര്‍ക്കാര്‍ കാലത്തു നടന്ന നിയമങ്ങളും അന്വേഷണ പരിധിയില്‍ കൊണ്ടുവരാന്‍ വിജിലന്‍സ് ഇതിനകം തീരുമാനിച്ചിട്ടുണ്ട്. 17ന് ഹര്‍ജി പരിഗണിക്കുമ്പോള്‍ ഇക്കാര്യം വിജിലന്‍സ് കോടതിയെ അറിയിക്കും. അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് കോടതി ആവശ്യപ്പെട്ടു.
