രാവിലെ പത്തരയോടെ കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മിണി ഉള്‍പ്പെടെയുള്ള എ ഗ്രൂപ്പ് നേതാക്കള്‍പ്പമാണ് ബാബു എത്തിയത്. ബിനാമിയെന്ന് ആരോപിക്കുന്ന ബാബുറാമും കെ. ബാബുവും തമ്മിലുള്ള അടുത്ത ബന്ധത്തിന് വിജിലന്‍സ് തെളിവുകള്‍ ശേഖരിച്ചതിന് തൊട്ടു പിന്നാലെയായിരുന്നു ചോദ്യം ചെയ്യല്‍. എന്നാല്‍ ബാബുറാമിനെ ശിവഗിരി ചടങ്ങുകളില്‍ കണ്ട പരിചയം മാത്രമാണുള്ളതെന്നും ബാര്‍കേസ് പിന്‍വലിക്കാന്‍ ബാബു റാം കത്തയച്ചത് എന്തിനെന്ന് അറിയല്ലെന്നും ബാബു മൊഴി നല്‍കി.

രണ്ട് പെണ്‍മക്കളുടെ വിവാഹച്ചെലവ് സംബന്ധിച്ചും ചോദ്യങ്ങളുണ്ടായി. 160 പവന്‍ മക്കള്‍ക്ക് നല്‍കിയതായി ബാബു സമ്മതിച്ചു. എന്നാല്‍ ഭാര്യ വീട്ടുകാര്‍ സ്വര്‍ണം മുഴുവന്‍ സമ്മാനമായി നല്‍കിയതാണെന്നാണ് ബാബു വിജിലന്‍സിന് നല്‍കിയ വിശദീകരണം. സ്വത്ത് വിവരം സംബന്ധിച്ച് കെ ബാബു തെരഞ്ഞെടുപ്പ് കമീഷന് നല്‍കിയ സത്യവാങ്മൂലങ്ങള്‍ വിജിലന്‍സ് ശേഖരിച്ചിരുന്നു. കഴിഞ്ഞ 15 വര്‍ഷത്തിനിടെ മന്ത്രിയായിരിക്കുമ്പോള്‍ മാത്രമാണ് ബാബു ആദായ നികുതി നല്കിയിരിക്കുന്നത്. 2000 മുതല്‍ 2010 വരെയുള്ള കാലയളവില്‍ ആദായ നികുതി നല്‍കാനുള്ള വരുമാനം തനിക്കില്ലായിരുന്നുവെന്നാണ് ബാബു ഒപ്പിട്ട് നല്‍കിയ സത്യാവങ്മൂലത്തില്‍ പ റയുന്നത്.