തിരുവനന്തപുരം: മുൻ മന്ത്രി ഇ.പി ജയരാജനെതിരായ ബന്ധുനിയമനക്കേസില്‍ നടപടികള്‍ അവസാനിപ്പിക്കണമെന്ന് വിജിലന്‍സ്. തിരുവനന്തപുരം വിജിലന്‍സ് കോടതിയിലാണ് നിലപാടറിയിച്ചത്. ഈ കേസില്‍ എല്ലാ നടപടികളും ഹൈക്കോടതി റദ്ദാക്കിയതാണെന്നും വിജിലന്‍സ് സര്‍ക്കാരിനെ അറിയിച്ചു.

കേസിൽ തെളിവില്ലാത്തതിനാൽ അഴിമതി നിരോധന നിയമപ്രകാരം കേസ് നിലനിൽക്കില്ല എന്ന കാരണത്താല്‍ സെപ്റ്റംബര്‍ 20ന് കേസ് വിജിലന്‍സ് അവസാനിപ്പിച്ചിരുന്നു. തുടര്‍ന്ന് ഹൈക്കോടതി കേസ് റദ്ദാക്കുകയായിരുന്നു. സ്വജനപക്ഷപാതം, അഴിമതിനിരോധന നിയമത്തിന്‍റെ പരിധിയിൽ വരുമെന്ന് കണ്ടെത്തിയായിരുന്നു ബന്ധുനിയമനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നത്. എന്നാൽ നിയമനവുമായി ബന്ധപ്പെട്ട് ആർക്കും സാമ്പത്തിക ലാഭം ഉണ്ടായിട്ടില്ലെന്നും അതിനാൽ കേസ് അഴിമതി നിരോധന നിയമത്തിന്‍റെ കീഴിൽ വരില്ലെന്നും വിജിലൻസ് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. 

ഇ.പി ജയരാജന്‍, പി.കെ ശ്രീമതി എംപിയുടെ മകൻ സുധീർ നമ്പ്യാര്‍ എന്നിവരടക്കമുളളവര്‍ക്കെതിരെയാണ് കേസെടുത്തിരുന്നത്. ഇതേതുടർന്നാണ് ജയരാജൻ മന്ത്രി സ്ഥാനം രാജിവച്ചത്.