തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തിൽ മന്ത്രി ഇ പി ജയരാജനെതിരെ അന്വേഷണം തുടങ്ങിയെന്ന് വിജിലൻസ് കോടതിയെ അറിയിച്ചു. ഈ മാസം 17ന് അന്വേഷണ പുരോഗതി അറിയിക്കാൻ തിരുവനന്തപുരം വിജിലൻസ് കോടതി വിജിലൻസ് ഡയറക്ടറോട് ആവശ്യപ്പെട്ടു. കഴിഞ്ഞ നാല് മാസത്തിനിടെ വ്യവസായ വകുപ്പിൽ നടന്ന നിയമനങ്ങൾ അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ടായിരുന്നു വിജിലൻസ് കോടതിയിൽ ഹർജിയെത്തിയത്.

ഈ ഹർജി പരിഗണിക്കവേ വിജിലൻസിന് വേണ്ടി അഡീഷണൽ ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ കെ ഡി ബാബു കോടതിയിൽ വിശദീകരണം നൽകിയത്. സമാനമായ രണ്ട് പരാതികൾ വിജിലൻസ് ഡയറക്ടർക്ക് ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം തുടങ്ങിയെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് പരാതി ലഭിച്ചിട്ടുള്ളത്. പരാതിക്കാർ ആദ്യം സമീപിക്കേണ്ടത് വിജിലൻസിനെ ആയിരുന്നുവെന്നും അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.

വിശദീകരണം കേട്ടതിന് ശേഷം, ഈ മാസം 17ന് അന്വേഷണ പുരോഗതി അറിയിക്കാൻ കോടതി ആവശ്യപ്പെട്ടു. അന്നേദിവസം യുഡിഎഫ് സർക്കാരിന്റെ കാലത്ത് നടന്ന 16 ബന്ധു നിയമനങ്ങളെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മറ്റൊരു ഹർജിയും കോടതി പരിഗണിക്കുന്നുണ്ട്. കഴിഞ്ഞ സർക്കാലത്തു നടന്ന നിയമങ്ങളും അന്വേഷണ പരിധിയിൽ കൊണ്ടുവരൻ വിജിലൻസ് ഇതിനകം തീരുമാനിച്ചിട്ടുണ്ട്. 17ന് ഹർ‍ജി പരിഗണിക്കുമ്പോള്‍ ഇക്കാര്യം വിജിലൻസ് കോടതിയെ അറിയിക്കും. അന്വേഷണ പുരോഗതി റിപ്പോർട്ട് കോടതി ആവശ്യപ്പെട്ടതോടെ ബന്ധു നിയമനത്തിൽ കോടതി നിരീക്ഷണം കൂടിവരുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.