തിരുവനന്തപുരം: സംസ്ഥാനത്തെ തിയറ്ററുകളിൽ വിജിലൻസ് പരിശോധന. എ ക്ലാസ് തീയേറ്ററുകളിലും എറണാകുളത്തെ മൾട്ടിപ്ലക്സുകളിലുമാണ് വിജിലൻസ് പരിശോധന നടത്തിയത്. പൊതുമരാമത്ത് വകുപ്പുമായി ചേർന്നായിരുന്നു സംയുക്ത പരിശോധന.
നികുതി വെട്ടിപ്പും ക്രമക്കേടുകളും നടക്കുന്നുവെന്ന പരാതിയെത്തുടർന്നായിരുന്നു പരിശോധന.പുലിമുരുകൻ,ഒപ്പം തുടങ്ങിയ സിനിമകൾ പ്രദർശിപ്പിച്ചിരുന്ന തീയേറ്ററുകളിലായിരുന്നു പരിശോധന.വിജിലൻസ് ഡിവൈഎസ്‌പി രമേഷിന്റെ നേതൃത്വത്തിലുളള സംഘമായിരുന്നു പരിശോധന നടത്തിയത്.
എക്സിബിറ്റേഴ്സ് ഫെഡറേഷൻ പ്രസിഡന്റ് ലിബർട്ടി ബഷീറിന്റെ തലശ്ശേരിയിലെ തിയറ്ററിലും പരിശോധന നടന്നു. ബഷീറിന്റെ തീയറ്ററുകളിൽ വിനോദ നികുതിയും സെസും വെട്ടിക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം നടൻ ശ്രീകുമാർ ആരോപിച്ചിരുന്നു. ഇതിനെതിരേ ലിബർട്ടി ബഷീർ മാനനഷ്ടത്തിന് നോട്ടീസ് അയയ്ക്കുകയും ചെയ്തിരുന്നു.
തീയറ്റർ വിഹിതത്തെ ചൊല്ലി നിർമാതാക്കളും വിതരണക്കാരും എ ക്ലാസ് തീയറ്റർ ഉടമകളുമായി തർക്കം തുടരുന്നതിനാൽ ഡിസംബർ 16 മുതൽ പുതിയ റിലീസുകൾ ഒന്നും നടന്നിട്ടില്ല. ഇതിന് പിന്നാലെ തീയറ്ററിൽ ഉള്ള മലയാള ചിത്രങ്ങൾ വിതരണക്കാർ പിൻവലിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് എ ക്ലാസ് തീയറ്ററുകളിൽ റെയ്ഡ് തുടങ്ങിയത്.
