പാലക്കാട്: വേലന്താവളം വാണിജ്യനികുതി ചെക്ക് പോസ്റ്റില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ കണക്കില്‍പ്പെടാത്ത പണം പിടികൂടി. ഓഫീസിലെ ഉപേക്ഷിക്കപ്പെട്ട ഫയലുകള്‍ക്കിടയില്‍ സൂക്ഷിച്ച മൂന്ന് ലക്ഷത്തി അറുന്നൂറ് രൂപയാണ് കണ്ടെടുത്തത്.
പരിശോധനകളൊന്നുമില്ലാതെ പാര്‍സല്‍ വാഹനങ്ങള്‍ വന്‍ തുക കൈക്കൂലി ഈടാക്കി കടത്തിവിടുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് വിവിധ ഇടങ്ങളില്‍ ഒളിപ്പിച്ച പണം കണ്ടെത്തിയത്. രണ്ട് ദിവസങ്ങളില്‍ ചെക്‌പോസ്റ്റ് വഴി വാഹനങ്ങള്‍ കടന്നു പോയ വകയില്‍ സര്‍ക്കാറിന് 72000 രൂപ ലഭിച്ചപ്പോഴാണ് കൈക്കൂലി ഇനത്തില്‍ 3 ലക്ഷത്തി അറുനൂറ് രൂപ ജീവനക്കാര്‍ വാങ്ങിയത്. നാല് ബണ്ടിലുകളിലാക്കി ഉപേക്ഷിച്ച ഫയലുകള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പണം.
വിജിലന്‍സ് പാലക്കാട് യൂണിറ്റ് പുലര്‍ച്ചെ 3 മണിമുതലാണ് പരിശോധന തുടങ്ങിയത്. രണ്ട് ഷിഫ്റ്റുകളിലായി കൊമേഴ്‌സ്യല്‍ ടാക്‌സ് ഇന്‍സ്‌പെക്ടര്‍ എന്‍ നസീര്‍, പ്രഭാകരന്‍, ക്ലെറിക്കല്‍ അസിസ്റ്റന്റ് മൊയ്തീന്‍, ഓഫീസ് അസിസ്റ്റന്റ് മോഹനന്‍ എന്നിവരാണ് വാണിജ്യ നികുതി ഓഫീസില്‍ ജോലിയിലുണ്ടായിരുന്നത്.വേലന്താവളം ചെക്ക്‌പോസ്റ്റില്‍ നിന്നും സമീപ കാലത്ത് പിടിച്ച ഏറ്റവും വലിയ തുകയാണിത്.
പ്രതിമാസം 90 ലക്ഷം രൂപ വരെ ഈ ഒരൊറ്റ ചെക്‌പോസ്റ്റില്‍ ജീവനക്കാര്‍ കൈക്കൂലി വാങ്ങുന്നുണ്ടെന്നാണ് വിജിലന്‍സിന് ലഭിച്ച വിവരം
