തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിക്കെതിരെ വിജിലന്‍സിന്റെ ത്വരിതാന്വേഷണം നടത്തണമോയെന്ന കാര്യത്തില്‍ ഡയറക്ടറുടെ തീരുമാനം ഇന്നുണ്ടായേക്കും. തോമസ് ചാണ്ടിയുടെ നിയമലംഘങ്ങള്‍ ചൂണ്ടികാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ പരാതിയില്‍ ഡയറക്ടര്‍ നിയമോപദേശം തേടിയിട്ടുണ്ട്. 

നിയമോപദേശം ലഭിച്ച ശേഷമാകും ഡി.ജി.പി ലോക്നാഥ് ബെഹ്റ തുടര്‍നടപടികള്‍ സ്വീകരിക്കുക. മന്ത്രിയുടെ നിയമലംഘങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് പുറത്തുകൊണ്ടുവന്നതിനെ തുടര്‍ന്നാണ് രമേശ് ചെന്നിത്തല ഡയറക്ടര്‍ക്ക് പരാതി നല്‍കിയത്. പരാതിയില്‍ പറയുന്ന കാര്യങ്ങളനുസരിച്ച് പൊതുപ്രവര്‍ത്തകര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാന്‍ കഴിയുമോയെന്നാണ് അഡീഷണല്‍ ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷനോട് നിയമോപദേശം ആവശ്യപ്പെട്ടിട്ടുള്ളത്.