തിരുവനന്തപുരം: കഴിഞ്ഞ മാസം നടന്ന എസ്.എസ്.എല്‍.സി കണക്കുപരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവത്തില്‍ അന്വേഷണം നടത്തിയ പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ചോദ്യപേപ്പറുകള്‍ തയ്യാറാക്കുന്ന നിരവധി അധ്യാപകര്‍ക്ക് സ്വകാര്യ ട്യൂഷന്‍ സെന്ററുകളും ഏജന്‍സികളുമായും ബന്ധമുണ്ടെന്ന വിവരവും നേരത്തെ വിദ്യാഭ്യാസവകുപ്പിന് കിട്ടിയിരുന്നു.

കണക്ക് ചോദ്യപേപ്പര്‍ തയ്യാറാക്കിയ കണ്ണൂര്‍ സ്വദേശിയായ അധ്യാപകനെയും അയാളുടെ സുഹൃത്തായ മറ്റൊരു അധ്യാപകനെയും കേന്ദ്രീകരിച്ചായിരുന്നു വിദ്യാഭ്യാസവകുപ്പിന്റെ അന്വേഷണം. രണ്ട് പേര്‍ക്കും അരീക്കോടെ മെറിറ്റ് എന്ന സ്ഥാപനത്തിന് പുറമെ ആറ്റിങ്ങലിലെയും കിളിമാനൂരിലെയും സ്വകാര്യ സ്ഥാപനങ്ങളുമായും ബന്ധമുണ്ടെന്നാണ് വിവരം ലഭിച്ചത്. കണ്ണൂര്‍ സ്വദേശിയായ അധ്യാപകന്റെ സുഹൃത്തായ അധ്യാപകന്‍ വര്‍ഷങ്ങളായി ചട്ടം ലംഘിച്ച് വിവിധ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് കണക്ക് പരീക്ഷാ ചോദ്യങ്ങള്‍ തയ്യാറാക്കി നല്‍കുന്നുണ്ട്. ഇയാളില്‍ നിന്നും ലഭിച്ച ചോദ്യപേപ്പറാണ് എസ്.എസ്.എല്‍.സി ചോദ്യം തയ്യാറാക്കാനുള്ള പാനലിലുണ്ടായിരുന്ന കണ്ണൂര്‍ സ്വദേശി പരീക്ഷക്കായി നല്‍കിയതെന്നായിരുന്നു പ്രാഥമിക കണ്ടെത്തല്‍.