തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളില്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നടത്തിയ ബന്ധു നിയമനങ്ങളെക്കുറിച്ചും വിജിലൻസ് അന്വേഷിക്കും. എല്‍ഡിഎപ് സര്‍ക്കാരിന്റെ ബന്ധു നിയമനങ്ങള്‍ നിയമ വഴിക്കും കേസിലും പെട്ടപ്പോള്‍ അിനെയെലല്ലാം നിയമവ‍ഴിക്ക് തന്നെ നേരിടാനാണ് സര്‍ക്കാരിന്റെ തീരുമാനം. ഒപ്പം പ്രതിപക്ഷ കാലത്തെ നിയമനങ്ങള്‍ കൂടി അന്വേഷണ പരിധിയില്‍ കൊണ്ടുവന്ന് അവരുടെ വിമര്‍ശനങ്ങളെ പ്രതിരോധിക്കാനും തീരുമാനിച്ചു.

മുന്‍ മന്ത്രി അനൂപ് ജേക്കബിന്റെ സഹോദരിയുടേയും ഭാര്യയുടേയും നിയമനങ്ങള്‍, മുസ്ലിംലീഗ് അധ്യാപക സംഘടന നേതാവ് പി നസീറിനെ ന്യൂനപക്ഷ വകുപ്പ് ഡയറക്ടറാക്കിയത്, വനിത ലീഗ് നേതാവിന്റെ മകൻ കെ പി നൗഫല്‍ ഐടി അറ്റ് സ്കൂള്‍ എക്സിക്യൂട്ടീവ് ഡയറക്ടറായത്, ഉമ്മൻ ചാണ്ടിയുടെ അമ്മായിയുടെ മകൻ കുഞ്ഞ് ഇല്ലംപള്ളിയെ കോ ഓപ്പറേറ്റിവ് സർവീസ് എക്സമിനെഷൻ ബോർഡ് ചെയർമാനാക്കാന്‍ അന്നുണ്ടായിരുന്ന ഉത്തരവ് റദ്ദാക്കിയതടക്കം അന്വേഷണ പരിധിയില്‍ വന്നേക്കും.

ഈ നിയമനങ്ങളൊക്കേയും അക്കാലത്തുതന്നെ വിവാദങ്ങളായെങ്കിലും അന്ന് പരാതി ഉന്നയിക്കാനോ നിയമ നടപടിക്കോ എല്‍ഡിഎഫ് തയാറായില്ല.അതുകൊണ്ടുതന്നെ ഇപ്പോ‍ഴത്തെ അന്വേഷണങ്ങള്‍ രാഷ്ട്രീയപ്രേരിതമാണെന്ന നിലപാടിലാണ് പ്രതിപക്ഷം. മാത്രവുമല്ല മുന്‍ വര്‍ഷങ്ങളില്‍ പൊതുമേഖല സ്ഥാപനങ്ങളിലെ എംഡിമാരെ നിയമിക്കുന്നതിന് മാനദണ്ഡങ്ങള്‍ ഉണ്ടായിരുന്നില്ല.

ഇത്തവണ ധാര്‍മികത ഉയര്‍ത്തി അ‍ഴിമതി തടയാനെന്ന പേരില്‍ നിയമനങ്ങള്‍ക്ക് റിയാബിനെ ചുമതലപ്പെടുത്തിയശേഷം പിന്‍വാതില്‍ നിയമനങ്ങള്‍ നടത്തിയതാണ് വിവാദമെന്നാണ് പ്രതിപക്ഷ നിലപാട്. അ‍ഴിമതി നടന്നുവെന്ന് ഉറപ്പായ സാഹചര്യത്തില്‍ മന്ത്രിയെ പുറത്താക്കുക എന്ന ആവശ്യത്തില്‍ വിട്ടുവീ‍ഴ്ച ഇല്ലെന്നും പ്രതിപക്ഷം വ്യക്തമാക്കുന്നു.