വായ്പ്പാ തട്ടിപ്പ് നടത്തി മുങ്ങിയ വിജയ് മല്യയും മെഹുൽ ചോക്സിയേയും ഇന്തയ്ക്ക് വിട്ടുകിട്ടില്ല. വിജയ് മല്യയ്ക്കനുകൂലമായി ലണ്ടന്‍ കോടതിയും മെഹുൽ ചോക്സിക്ക് അനുകൂലമായി ആന്‍റിഗ്വാ പ്രധാനമന്ത്രിയും നിലപാടെടുക്കുകയായിരുന്നു. 

ബ്രിട്ടന്‍: വിജയ് മല്യയെ വിട്ടുകിട്ടാനായി ഇന്ത്യ നൽകിയ കേസിൽ ലണ്ടൻ കോടതി മല്യക്ക് ജാമ്യം നൽകി. വിജയ് മല്യയെ വിട്ടുകിട്ടിയാൻ പാർപ്പിക്കുന്ന ജയിലിന്‍റെ ദൃശ്യങ്ങൾ ഹാജരാക്കാൻ കോടതി നിർദ്ദേശം നൽകി. ഇതിനിടെ പഞ്ചാബ് നാഷണൽ ബാങ്ക് വായ്പാ തട്ടിപ്പ് കേസിലെ പ്രതി മെഹുൽ ചോക്സിയെ കൈമാറാനാവില്ലെന്ന് ആന്‍റിഗ്വാ ഇന്ത്യയെ അറിയിച്ചു

ഇന്ത്യയ്ക്ക് തന്നെ കൈമാറിയാൽ പാര്‍പ്പിക്കുന്ന ജയിലിന്‍റെ സ്ഥിതി പരിതാപകരമെന്ന് വിജയ് മല്യ വാദിച്ചു. മല്യയെ പാര്‍പ്പിക്കാൻ ഉദ്ദേശിക്കുന്ന മുംബൈ ആര്‍തര്‍ റോഡ് ജയിലിന്‍റെ ഫോട്ടോകള്‍ ഇന്ത്യൻ അധികൃതര്‍ കോടതിക്ക് കൈമാറി. എന്നാൽ ഇത് കോടതി അംഗീകരിച്ചില്ല. ജയിലിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ ഹാജരാക്കാൻ നിര്‍ദേശിക്കുകയായിരുന്നു. സെപ്തംബർ ‍12 ന് കേസ് വീണ്ടും പരിഗണിക്കും.

വായ്പ്പാ തട്ടിപ്പ് നടത്തി മുങ്ങിയ മെഹുൽ ചോക്സിയെ വിട്ടുനൽകാൻ നിയമതടസ്സങ്ങളുണ്ടെന്ന് ഇന്ത്യൻ സ്ഥാനപതിയോട് ആന്‍റിഗ്വാ പ്രധാനമന്ത്രി വ്യക്തമാക്കി. ഇന്ത്യയും ആന്‍റിഗ്വായും തമ്മിൽ കൈമാറ്റ കരാറില്ല. ചോക്സിയെ തടവിൽ വയ്ക്കണമെന്നും രാജ്യം വിടാൻ അനുവദിക്കരുതെന്നും ആൻറിഗ്വയോട് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. തന്നെ വിട്ടുകിട്ടാനുള്ള ഇന്ത്യയുടെ നീക്കങ്ങൾ തടയണമെന്ന് ആവശ്യപ്പെട്ട് ചോക്സി ആന്‍റിഗ്വ കോടതിയെ സമീപിച്ചിട്ടുണ്ട്. ചോക്സി അന്‍റിഗ്വയിൽ നേരത്തെ പൗരത്വം നേടിയിരുന്നു.