അഹമ്മദാബാദ്: ഗുജറാത്തില്‍ വീണ്ടും വിജയ് രൂപാണി മുഖ്യമന്ത്രിയാകും. നിതിൻ പട്ടേലിനെ ഉപമുഖ്യമന്ത്രിയായും തെരഞ്ഞെടുത്തു. അരുണ്‍ ജെയ്റ്റ്ലിയുടെ അധ്യക്ഷതയില്‍ ഗാന്ധിനഗറില്‍ ചേര്‍ന്ന എംഎല്‍എമാരുടെ യോഗത്തിലാണ് തീരുമാനം.

ബി ജെ പി സംസ്ഥാന അധ്യക്ഷനാണ് വിജയ് രുപാണി. കഴിഞ്ഞ ആനന്ദി ബെന്‍ പട്ടേല്‍ മന്ത്രിസഭയില്‍ ഗതാഗതം, ജലവിതരണം, തൊഴില്‍ എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്നു. 2014ല്‍ രാജ്കോട്ട് വെസ്റ്റ് സീറ്റില്‍ നിന്ന് ജയിച്ചാണ് രുപാണി ആദ്യമായി എംഎല്‍എ ആയത്. യാതൊരു വിവാദങ്ങളുടെയും പശ്ചാത്തലമില്ലാത്ത നേതാവാണ് വിജയ് രുപാണി. 

മുഖ്യമന്ത്രിയായിരുന്ന രുപാണിക്ക് കോണ്‍ഗ്രസിന്‍റെ ഇന്ദ്രന്‍ രാജ്ഗുരുവായിരുന്നു രാജ് കോട്ട് വെസ്റ്റ് മണ്ഡലത്തില്‍ എതിരാളി. വോട്ടെണ്ണല്‍ വേളയില്‍ പലഘട്ടങ്ങളിലും വിജയ് രൂപാണി പിന്നോട്ട് പോയെങ്കിലും പിന്നീട് തിരിച്ചുവരവു നടത്തി. എങ്കിലും ഭൂരിപക്ഷത്തില്‍ വന്‍ ഇടിവുണ്ടായി. നരേന്ദ്രമോദി ആദ്യമായി നിയമസഭയിലേക്ക് മത്സരിച്ച മണ്ഡലമെന്ന പ്രത്യേകതയും രാജ്കോട്ട് വെസ്റ്റിനുണ്ട്. 1985 മുതല്‍ ബിജെപിയുടെ ഉറച്ച കോട്ടയില്‍ വിജയ് രൂപാണി പതറിയതും മുഖ്യമന്ത്രി സാധ്യത ഇല്ലാതാക്കാന്‍ കാരണമാകുമെന്ന് വിലയിരുത്തലുകളുണ്ടായിരുന്നു.

ഗുജറാത്തിൽ ഇത്തവണ ബിജെപിക്കു സീറ്റുകൾ കുറഞ്ഞതും രൂപാണിയുടെ സാധ്യതകള്‍ ഇല്ലാതാക്കുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനി, പുരുഷോത്തം റൂപാല, മൻസുഖ് മണ്ഡാവ്യ, കർണാടക ഗവർണർ വജു ഭായ് വാല എന്നിവരെ മുഖ്യമന്ത്രി സ്ഥാനത്തേക്കു പരിഗണിക്കുന്നുവെന്നായിരുന്നു സൂചന.

എന്നാൽ ഇവയെല്ലാം തള്ളിയാണ് വിജയ് രൂപാണിയെ തന്നെ വീണ്ടും മുഖ്യമന്ത്രിയാക്കാൻ പാർട്ടി തീരുമാനിച്ചത്. അതേസമയം, തിരഞ്ഞെടുപ്പിൽ അഞ്ച് മന്ത്രിമാർ പരാജയപ്പെട്ടതോടെ, അടുത്ത മന്ത്രിസഭയിൽ പുതുമുഖങ്ങൾ കൂടുതലുണ്ടാകുമെന്നാണ് റിപ്പോർട്ട്. വെസ്കോട്ട് മണ‍്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാജ്ഗുരു ഇന്ദ്രാണിലുമായി കടുത്ത മല്‍സരത്തിനവസാനമാണ് വിജയ് രൂപാണി വിജയിച്ചത്.