പ്രതികളെ പിന്തുണയ്ക്കുന്നവര്‍ക്കെതിരെ സേതുപതി

;ചെന്നൈ: കത്വയില്‍ എട്ട് വയസ്സുകാരിയെ അതിക്രൂരമായി പീഡിപ്പിച്ചുകൊന്ന സംഭവത്തില്‍ പ്രതികളെ പിന്തുണയ്ക്കുന്നവര്‍ക്കെതിരെ നടന്‍ വിജയ് സേതുപതി. വിദ്യാഭ്യാസമുളളവര്‍ ഇത്തരക്കാരെ പിന്തുണയ്ക്കുന്നത് വേദനയുണ്ടാക്കുന്നു.

കുറ്റവാളികള്‍ക്ക് എന്ത് ശിക്ഷ നല്‍കിയാലും പെണ്‍കുട്ടിക്ക് ഉണ്ടായ വേദനയ്ക്കും അവളുടെ കുടുംബത്തിനുണ്ടായ സങ്കടത്തിനും പകരമാവില്ലെന്നും സേതുപതി പറഞ്ഞു. കോളിവുഡ് സ്റ്റണ്ട് യൂണിയന്റെ അമ്പത്തിയൊന്നാം വാര്‍ഷികാഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സേതുപതി. 

കടുത്ത അമര്‍ഷവും ദേഷ്യവുമാണ് ഉണ്ടാക്കുന്നത്. ഇത്തരക്കാരെ ഓര്‍ത്ത് ലജ്ജിക്കുന്നു. ആളുകള്‍ക്ക് സ്ത്രീകളോട് പെരുമാറാനോ അവരെ ബഹുമാനിക്കാനോ അറിയില്ല. നമ്മുടെ ഓരോരുത്തരുടെ വീട്ടിലും സ്ത്രീകളുണ്ടെന്ന് ഓര്‍ക്കണമെന്നും സേതുപതി പറഞ്ഞു. 

പൃഥ്വിരാജ്, മഞ്ജു വാര്യര്‍, ജയസൂര്യ, പാര്‍വ്വതി, ഋദ്ധി സെന്‍, പ്രിയങ്ക ചോപ്ര, ഫര്‍ഹാന്‍ അക്തര്‍ തുടങ്ങിയവരും സാനിയമ മിര്‍സ്സ, ലീന മണിമേഖല എന്നിവരുമടക്കം നിരവധി പേര്‍ പെണ്‍കുട്ടിയ്ക്ക് നീതി ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.