എന്നാല്‍ വിജി പാവം സ്ത്രീയാണെന്നും ശകാരിച്ചിട്ടില്ലെന്നും അവരുടെ പ്രശ്നത്തില്‍ ഇടപടെുമെന്നാണ് മന്ത്രി എം എം മണി പറഞ്ഞത്. വേദനിപ്പിക്കുന്നത് തന്‍റെ രീതിയല്ലെന്നും ആരെങ്കിലും പറഞ്ഞിട്ടാണോ സത്യഗ്രഹം ഇരുന്നതെന്നാണ് വിജിയോട് താന്‍ ചോദിച്ചതെന്നും മന്ത്രി പറ‍ഞ്ഞു.

തിരുവനന്തപുരം: തോന്ന്യവാസത്തിന് സമരം ചെയ്താൽ ജോലി തരാനാകില്ലെന്ന മന്ത്രിയുടെ പരാമര്‍ശം വേദനിപ്പിച്ചെന്ന് സനല്‍കുമാറിന്‍റെ ഭാര്യ വിജി. മന്ത്രിക്കെതിരെ സംസ്ഥാന വനിതാ കമ്മീഷനും ദേശീയ മനുഷ്യാവകാശ കമ്മീഷനും വിജി പരാതി നൽകും. നീതി കിട്ടും വരെ സമരത്തിൽ നിന്ന് പിൻമാറില്ലെന്നും വിജി പറഞ്ഞു.

സെക്രട്ടേറിയറ്റിന് മുന്നിലെ സമരത്തിന്‍റെ ഭാഗമായി മന്ത്രി എം എം മണിയെ ഫോണില്‍ വിളിച്ചപ്പോള്‍ ശകാരിച്ചെന്നാണ് വിജി പറഞ്ഞത്. തോന്ന്യവാസത്തിന് സമരം ചെയ്താൽ ജോലി തരാനാകില്ലെന്ന് മന്ത്രി പറഞ്ഞു. എന്നാല്‍ വിജിയെ ശകാരിച്ചിട്ടില്ലെന്നും സമരം ചെയ്യാതെ മുഖ്യമന്ത്രിയെ കാണാൻ പറഞ്ഞത് നല്ല ഉദ്ദേശത്തോടെയാണെന്നും മന്ത്രി വിശദീകരിച്ചു. 

സർക്കർ സഹായത്തിനായി പത്ത് ദിവസമായി വിജിയും കുടുംബവും സെക്രട്ടേറിയേറ്റിന് മുന്നിൽ സമരം ചെയ്യുകയാണ്. അനുകൂല തീരുമാനം ഉണ്ടാകാത്തതിനെ തുടർന്നായിരുന്നു മന്ത്രിമാരെ വിളിച്ച് വിഷമം അറിയിച്ചത്. എം എം മണിയെ വിളിച്ചപ്പോൾ ശകാരിച്ചെന്നാണ് വിജിയുടെ പരാതി.

വിജിയുടെ പ്രശ്നം തീർക്കാൻ മുഖ്യമന്ത്രിയെ സമീപിക്കുമെന്നും മന്ത്രി എം എം മണി അറിയിച്ചു. അതേ സമയം മന്ത്രിക്കെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷനും സംസ്ഥാന വനിതാ കമ്മീഷനും വിജി പരാതി നൽകും. നീതി കിട്ടും വരെ മക്കളുമായി സമരം തുടരാനാണ് വിജിയുടെ തീരുമാനം.

സമരസമിതിപ്രവർത്തകർ മന്ത്രിയുടെ കോലം കത്തിച്ചു. 35 ലക്ഷത്തിന്‍റെ കടബാധ്യത കൊല്ലപ്പെട്ട സനിലുണ്ട്. ഇതിൻറെ രേഖകളെല്ലാം പൊലീസ് ശേഖരിച്ച് സർക്കാരിന് നൽകിയിരുന്നു. പക്ഷെ ഇന്നത്തെ മന്ത്രിസഭാ യോഗവും വിജിയുടെ ആവശ്യം പരിഗണിച്ചില്ല. നെയ്യാറ്റിൻകര മുൻ ഡിവൈഎസ്പി ഹരികുമാർ വാഹനത്തിന് മുന്നിലേക്ക് സനിലിനെ തള്ളിയിട്ടുവെന്നാണ് ക്രൈം ബ്രാഞ്ച് കേസ്.