കോഴിക്കോട്: ഭൂനികുതി സ്വീകരിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് വില്ലേജ് ഓഫീസിൽ കര്‍ഷകന്‍ തൂങ്ങി മരിച്ച സംഭവത്തില്‍ വില്ലേജ് അസിസ്റ്റന്‍റിനെ സസ്‍പെന്‍ഡ് ചെയ്‍തു. ചെമ്പനോട് വില്ലേജ് ഓഫീസിലെ വില്ലേജ് അസിസ്റ്റന്‍റ് സിരീഷിനെയാണ് സസ്പെൻഡ് ചെയ്‍തത് . സംഭവത്തെ കുറിച്ച് റവന്യൂ സെക്രട്ടറി അന്വേഷിക്കുമെന്ന് റവന്യൂമന്ത്രി അറിയിച്ചു.
കാവില്‍ പുരയിടം വീട്ടില്‍ ജോയി എന്ന തോമസാണ് ചെമ്പനോട് വില്ലേജ് ഓഫീസില്‍ ഇന്നലെ രാത്രിയില്‍ തൂങ്ങിമരിച്ചത്. സ്ഥലത്തിന്‍റെ കരമടയ്ക്കുന്നതിന്‍റെ പ്രശ്നവുമായി ബന്ധപ്പെട്ട് ദിവസങ്ങളായി വില്ലേജ് ഓഫീസ് കയറിയിറങ്ങുകയായിരുന്നു ഇദ്ദേഹം. ഇതുമായി ബന്ധപ്പെട്ട് ഒരു ദിവസം വില്ലേജ് ഓഫീസിന് മുന്നില്‍ നിരാഹരവും അനുഷ്ഠിച്ചിരുന്നു. വില്ലേജ് ഓഫീസിന്‍റെ ഗേറ്റിന് സമീപമാണ് ജോയി തൂങ്ങിമരിച്ചത്.
കർഷകന്‍റെ ആത്മഹത്യ ദൗർഭാഗ്യകരം മന്ത്രി എം എം മണി പറഞ്ഞു. സംഭവം സർക്കാരിന്‍റെ യശ്ശസിനെ ബാധിച്ചെന്നും ചില ഉദ്യോഗസ്ഥരുടെ പ്രവൃത്തി സർക്കാരിനാകെ നാണക്കേടുണ്ടാക്കുന്നുവെന്നും റവന്യു ഉദ്യോഗസ്ഥരുടെ വീഴ്ച കാരണമാണ് ആത്മഹത്യയെന്നും എം എം മണി പറഞ്ഞു.
സംഭവം കേരളത്തിനാകെ അപമാനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഉതത്രവാദികള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. സംഭവത്തില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്.

