ആലപ്പാട് ഗ്രാമപ‌ഞ്ചായത്തിൽ ഐആർഇ നടത്തുന്ന ധാതുമണൽ ഖനനത്തിന്‍റെ പാരിസ്ഥിതികാഘാതത്തെ കുറിച്ച് വിശദമായ പഠനം നടത്തണമെന്ന് വില്ലേജ് ഓഫീസറുടെ റിപ്പോർട്ട്.

കൊല്ലം: ആലപ്പാട് ഗ്രാമപ‌ഞ്ചായത്തിൽ ഐആർഇ നടത്തുന്ന ധാതുമണൽ ഖനനത്തിന്‍റെ പാരിസ്ഥിതികാഘാതത്തെ കുറിച്ച് വിശദമായ പഠനം നടത്തണമെന്ന് വില്ലേജ് ഓഫീസറുടെ റിപ്പോർട്ട്. കൊല്ലം ജില്ലാ കളക്ടർക്കാണ് ഇതു സംബന്ധിച്ച റിപ്പോർട്ട് നൽകിയത്. ഖനനത്തിനെതിരായ ജനങ്ങളുടെ സമരം 71 ആം ദിവസം പിന്നിടുന്നു.

ആലപ്പാട് ഗ്രാമം അതിജീവനത്തിനായി സമരം തുടരുന്നതിനിടെയാണ് ഖനനത്തിന്‍റെ പാരിസ്ഥിതികാഘാതം പഠിക്കണമെന്നാണ് വില്ലേജ് ഓഫീസറുടെ റിപ്പോർട്ട് വരുന്നത്. വെള്ളാനത്തുരുത്ത് വില്ലേജ് ഓഫീസർ അബ്ദുൾ സലാം കലക്ടർക്ക് റിപ്പോർട്ട് നല്‍കുകയും ചെയ്തു. ഇന്ത്യൻ റെയ്ർ എർത്ത് ലിമിറ്റ‍ഡ് ഖനനം നടത്തുന്നത് നിയമാനുസൃതമായ സ്ഥലങ്ങളിലാണ്. എന്നാൽ ഖനനത്തിന്‍റെ ആഘാതം ജനവാസ മേഖലയിലേക്ക് വ്യാപിക്കാൻ സാധ്യതയുണ്ട്. ആയതിനാൽ സെസ് പോലുള്ള സർക്കാർ സ്ഥാപനങ്ങളെ വെച്ച് പാരിസ്ഥികാഘാത പഠനം നടത്തണം എന്ന് വില്ലേജ് ഓഫീസര്‍ പറ‍ഞ്ഞു. വില്ലേജ് ഓഫീസറുടെ ശുപാർശയും സമരസമിതി നൽകിയ നിവേദനങ്ങളുമെല്ലാം ചേർത്ത് കളക്ടര്‍ ഉടൻ വിശദമായ റിപ്പോർട്ട് സർക്കാറിന് നൽകും.

അതിനിടെ ഖനനത്തിനെതിരായ ജനകീയ സമരസമിതി സമരം കടുപ്പിക്കുകയാണ്. മന്ത്രിമാരും സ്ഥലം എംഎൽഎയുമന്നും സമരത്തെ തിരിഞ്ഞ് നോക്കാത്തതിൽ സമരസമിതിക്ക് അതൃപ്തിയുണ്ട്. പൊതുമേഖലാസ്ഥാപനം നടത്തുന്ന് ഖനനത്തിനെതിരായ സമരത്തിന് പിന്നിൽ സ്വകാര്യ മണൽ ലോബിയുണ്ടോ എന്ന സംശയം ഐആർഇക്കുണ്ട്. ഇക്കാര്യത്തിൽ പ്രതികരണത്തിന് മാനേജ്മെന്‍റ് തയ്യാറല്ല. അതേസമയം യുവത ആലപ്പാടേക്ക് എന്ന ഹാഷ് ടാഗിലുള്ള പ്രചാരണത്തിന് വൻ പിന്തുണയാണ് ലഭിക്കുന്നത്.