തൃശൂര്‍: ഏങ്ങണ്ടിയൂരില്‍ കസ്റ്റഡി മര്‍ദ്ദനത്തെ തുടര്‍ന്ന് ദളിത് യുവാവ് വിനായകൻ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസ് അന്വേഷണം എങ്ങുമെത്തിയില്ല. മുഖ്യമന്ത്രിയെ നേരിട്ട് കാണാൻ തിരുവനന്തപുരത്ത് രണ്ടു വട്ടം പോയെങ്കിലും ഫലമുണ്ടായില്ലെന്ന് കൃഷ്ണൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

പൊലീസ് മര്‍ദ്ദനത്തെ തുടര്‍ന്ന് തൃശൂര്‍ ഏങ്ങണ്ടിയൂരില്‍ വിനായകൻ ആത്മ്ഹത്യ ചെയ്തിട്ട് 6 മാസം തികഞ്ഞു.ജനനേന്ദ്രിയത്തില്‍ ഉള്‍പ്പെടെ മര്‍ദ്ദനമേറ്റതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. ആദ്യം ലോക്കല്‍ പൊലീസും പിന്നീട് പാലക്കാട് ക്രൈം ബ്രഞ്ച് സംഘവും കേസന്വേഷിച്ചെങ്കിലും കുറ്റക്കാരായ സാജൻ,ശ്രീജിത് എന്നീ പൊലീസുകാരെ വെള്ളപൂശുന്ന റിപ്പോര്‍ട്ടാണ് നല്‍കിയത്. 

ഇരുവരുടെയും സസ്പെന്‍ഷന്‍ പിൻവലിക്കുകയും ചെയ്തു. ഇപ്പോള്‍ ക്രൈം ബ്രൈഞ്ച് എസ് പി ഉണ്ണിരാജന്‍റെ നേതൃത്വത്തിലാണ് കേസ് നടക്കുന്നത്. എന്നാല്‍ പൊലീസില്‍ യാതൊരു വിശ്വാസവും ഇല്ലാത്ത അവസ്ഥയിലാണ് കുടുംബം. പലവട്ടം മുഖ്യമന്ത്രിയെ നേരിട്ട് കാണാൻ ശ്രമിച്ചെങ്കിലും നടന്നില്ല.മുഖ്യമന്ത്രിയ്ക്ക് താല്‍പ്പര്യമില്ലാത്തവരുടെ കൂടെ കാണാൻ പോയതാകാം കാരണമെന്ന് കൃഷ്ണൻ കരുതുന്നു.

മുഖ്യമന്ത്രിയില്‍ നിന്ന് അനുകൂല നിലപാട് ഉണ്ടായില്ലെങ്കില്‍ ശ്രീജിത്തിൻറെ വഴി പിന്‍തുടര്‍ന്ന് സെക്രട്ടേറിയറ്റ് പടിക്കല്‍ കുടുംബത്തോടൊപ്പം സമരം തുടങ്ങനാണ് കൃഷ്ണന്‍റെ തീരുമാനം.