തിരുവനന്തപുരം: പോലീസ് മര്‍ദ്ദനത്തില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത വിനായകന്റെ ബന്ധുക്കള്‍ക്ക് മുഖ്യമന്ത്രിയെ കാണാന്‍ കഴിയാതിരുന്ന സംഭവം നിയമസഭയില്‍. വിനായകന്റെ കുടുംബത്തിന് അനുമതി നിഷേധിച്ചിട്ടില്ലെന്നും സംഭവത്തില്‍ അന്വേഷണം ത്വരിതപ്പെടുത്താന്‍ നടപടിയെടുത്തെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

വിനായകന്റെ മരണത്തില്‍ നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരത്തെത്തിയ ബന്ധുക്കള്‍ മുഖ്യമന്ത്രിയെ കാണാനാനാകാതെ മടങ്ങിയത് വിവാദമായിരുന്നു. നിയമസഭയിലും സെക്രട്ടേറിയറ്റിലെ ഓഫീസിലും മണിക്കൂറുകള്‍ കാത്ത് നിന്നിട്ടും കാണാന്‍ മുഖ്യമന്ത്രി കൂട്ടാക്കിയില്ലെന്നായിരുന്നു ബന്ധുക്കളുടെ പരാതി. 

എന്നാല്‍ സന്ദര്‍ശന അനുമതി നിഷേധിച്ചിട്ടില്ലെന്നാണ് കെ.വി. അബ്ദുള്‍ഘാദറിന്റെ സ്ബമിഷന് മുഖ്യമന്ത്രി മറുപടി നല്‍കിയത്. നിയമസഭയ്ക്ക് പിന്നാലെ കണ്ണൂര് എയര്‍പോര്‍ട് ബോര്‍ഡ് യോഗവും പാര്‍ലമെന്ററി പാര്‍ട്ടി അടക്കം പാര്‍ട്ടി യോഗങ്ങളും ഉള്ളതിനാല്‍ ഓഫീസില്‍ പോലും കയറാതെയാണ് മുഖ്യമന്ത്രി പോയതെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് പറയുന്നത്. 

ഇതിനിടയ്ക്ക് വിനായകന്റെ കുടുംബത്തെ പ്രൈവറ്റ് സെക്രട്ടറി എംവി ജയരാജന്‍ കണ്ടു. ആവലാതികളും അപേക്ഷയും വാങ്ങി. നടപടി ഉറപ്പ് നല്‍കിയ ശേഷവും സംഭവം വിവാദമായ സാഹചര്യത്തെ കുറിച്ച് അറിയില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റ വിശദീകരണം. പ്രതിപക്ഷ നേതാവിന് സംസാരിക്കാന്‍ അവസരം നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി