Asianet News MalayalamAsianet News Malayalam

'പേരൻപ് സിനിമയല്ല, അത് ജീവിതമാണ്; നമ്മളിൽ പലരും നെഞ്ചുരുകി ജീവിച്ചുകൊണ്ടിരിക്കുന്ന ജീവിതം' -വൈറൽ കുറിപ്പ്

'ചെറുപ്പം മുതലേ മമ്മൂട്ടിയോട് വല്യ പ്രിയമില്ല. കാരണം ഏട്ടന്റെ മമ്മൂട്ടി പ്രാന്താണ്' എന്നു പറഞ്ഞുകൊണ്ടാണ് കുറിപ്പ് തുടങ്ങുന്നത്.

vineetha peranbu fb post goes viral in social media
Author
Kochi, First Published Feb 3, 2019, 4:00 PM IST

വൈകാരിക രം​ഗങ്ങളിലൂടെ കാഴ്ചക്കാരുടെ ഉള്ളുലച്ചും തിരിച്ചറിവുകൾ നൽകിയും തിയറ്ററുകളിൽ കൈയ്യടി നേടി മൂന്നേറുകയാണ് മമ്മൂട്ടിച്ചിത്രം പേരൻപ്. മുൻപ് പലതവണ മികച്ച അഭിനയത്തിലൂടെ ആസ്വാദകരുടെ കണ്ണു നനയിച്ച മമ്മൂട്ടി, സിനിമ പ്രേമികൾക്ക് മുന്നിൽ മറ്റൊരു അഭിനയ ചാരുതയാണ് തുറന്നുകാട്ടുന്നത്. പേരൻപ് കാണാൻ പോയ ഒരു യുവതിയുടെ അനുഭവമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
പേരൻപ് സിനിമയല്ല മറിച്ച് ജീവതമാണെന്ന് മനസ്സിലാക്കിയ വിനീത അനിലാണ് ഫേസ്ബുക്കിലൂടെ തന്റെ സിനിമാനുഭവം പങ്കുവെച്ചത്.

'ചെറുപ്പം മുതലേ മമ്മൂട്ടിയോട് വല്യ പ്രിയമില്ല. കാരണം ഏട്ടന്റെ മമ്മൂട്ടി പ്രാന്താണ്' എന്നു പറഞ്ഞുകൊണ്ടാണ് കുറിപ്പ് തുടങ്ങുന്നത്. പ്രതീക്ഷകളൊന്നും ഇല്ലാതെ ഏട്ടന്റെ നിർബന്ധത്തിനു വഴങ്ങിയാണ് വിനീത പേരൻപ് കാണാൻ പുറപ്പെട്ടത്. എന്നാൽ സിനിമയുടെ ഓരോഘട്ടങ്ങൾ കഴിയുമ്പോഴും ഉണ്ടായ അനുഭവങ്ങളാണ് അവർ മറ്റുള്ളവർക്കുവെണ്ടി പങ്കുവെച്ചത്. മമ്മൂട്ടിയെ പ്രിയമില്ലാത്ത യുവതി തന്നെ പിന്നീട് അദ്ദേഹത്തിന്റെ അഭിനയ മികവിനെ വാനോളം പുകഴ്ത്തുന്നുമുണ്ട്. 'സിനിമയുടെ കഥയോ ട്വിസ്റ്റുകളോ ഇതിൽ ഞാൻ ചേർത്തിട്ടില്ല. ഒരു പ്രേക്ഷക എന്ന നിലയിൽ മനസ്സിൽ തട്ടിയ മൂന്ന് സീനുകളാണ് എഴുതിയത് എന്ന് പറഞ്ഞുകൊണ്ടാണ്' വിനീത തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം

ചെറുപ്പം മുതലേ മമ്മൂട്ടിയോട് വല്യ പ്രിയമില്ല.കാരണം ഏട്ടന്റെ മമ്മൂട്ടി പ്രാന്താണ്..മമ്മൂട്ടിയെ കുറ്റം പറഞ്ഞതിനും സിനിമയെ കളിയാക്കിയതിനുമായി ഒരുപാട് അടി വാങ്ങുകയും അത് മാന്തായി തിരിച്ചുകൊടുക്കയും ചെയ്തിരുന്നു.

അതുകൊണ്ടുതന്നെ ഏട്ടന്റെ നിർബന്ധത്തിനു വഴങ്ങി വല്യ പ്രതീക്ഷയില്ലാതെയാണ് പേരൻപിന് കയറിയത്. സിനിമ തുടങ്ങുമ്പോൾ കൈകാലുകൾ പാരലൈസ്ഡ് ആയ ബുദ്ധിമാന്ദ്യമുള്ള മകളെയും കൊണ്ട് ഒരച്ഛൻ ഏകാന്തമായ വീട് വാങ്ങി അങ്ങോട്ടേക്ക് താമസം മാറ്റുകയാണ്. കുട്ടിയുടെ ചലനങ്ങൾ നമ്മളിൽ ആദ്യം പേടിയും പിന്നീട് ദയയുമാണ് ജനിപ്പിക്കുന്നത്. മകളെ നോക്കിമടുത്തു എന്നൊരു കത്തെഴുതി വച്ചിട്ട് മറ്റൊരുത്തന്റെ കൂടെ ഒളിച്ചോടുകയായിരുന്നു കുട്ടിയുടെ അമ്മ എന്ന തിരിച്ചറിവ് മുതൽ അറിയാതെ സിനിമയിലേക്ക് നമ്മളും ഇറങ്ങിപോകും.

ഗൾഫ് ജീവിതം മതിയാക്കി,ആർക്കും വേണ്ടാത്ത, അച്ഛനെ പരിചയമില്ലാത്ത മകളുമായി ജീവിതം തുടങ്ങുന്ന ഒരച്ഛന്റെ നിസ്സഹായാവസ്ഥ എത്രമേൽ ഭീകരമെന്നു മകൾ ഋതുമതിയായതിന് ശേഷമുള്ള കുറച്ചുനിമിഷങ്ങൾ കൊണ്ട് മമ്മൂട്ടി എന്ന മഹാത്ഭുതം നമുക്ക് മുന്നിൽ ജീവിച്ചുകാണിച്ചു.

വെറുമൊരു സിനിമാക്കഥ എന്നതിലുപരി സമൂഹത്തിനുള്ള ഒരു പാഠമാണ് പേരന്പ് നൽകുന്നത്.
വൈകല്യമുള്ള കുഞ്ഞുങ്ങൾ വളർച്ചയെത്തുമ്പോൾ ഏതൊരു സാധാരണ വ്യക്തിയെയും പോലെ കാമമടക്കമുള്ള എല്ലാ വികാരങ്ങളും അവർക്കുണ്ടാവുമെന്ന തിരിച്ചറിവ് മമ്മൂട്ടിയെന്ന അച്ഛൻ തിരിച്ചറിയുന്ന നിമിഷങ്ങൾ...ഹോ...വാക്കുകളിൽ വിവരിക്കാനാവില്ല, നിസ്സഹായനായി പൊട്ടിക്കരയുന്ന പിതാവിന്റെ വേദന.

പണ്ട് ഞങ്ങളുടെ നാട്ടിൽ ബുദ്ധിമാന്ദ്യമുള്ള ഒരു ചേട്ടൻ ഉണ്ടായിരുന്നു.സ്ത്രീകളുടെ അടിവസ്ത്രങ്ങൾ ശേഖരിച്ചു ഒളിപ്പിച്ചുവെക്കലായിരുന്നു പ്രധാന ജോലി.അന്ന് ഒരുപാട് തവണ ആളുകൾ അയാളെ അടിക്കുന്നത് കണ്ടിട്ടുണ്ട് ഞാൻ. ശരിക്കും അയാൾക്കല്ല അയാളെ അതിന്റെ പേരിൽ ക്രൂശിച്ച ഓരോരുത്തർക്കുമാണ് ബുദ്ധിമാന്ദ്യം എന്ന തിരിച്ചറിവാണ് എനിക്ക് പേരന്പ് സമ്മാനിച്ചത്.

മമ്മൂട്ടി എന്നും നമ്മളെ അതിശയിപ്പിച്ച പ്രതിഭ തന്നെയാണ്.ആ പ്രതിഭയോടൊപ്പം തന്നെ മത്സരിച്ചഭിനയിച്ച ആ പെൺകുട്ടി 
തീർച്ചയായും അവാർഡിന് അർഹയാണ്..കാരണം അച്ഛൻ ഒരു പുരുഷൻ കൂടിയാണെന്ന് തിരിച്ചറിഞ്ഞു പെരുമാറുന്ന നിമിഷങ്ങളടക്കം പല സീനുകളും വളരെ മികച്ചരീതിയിൽ അവതരിപ്പിച്ചിട്ടുണ്ട് ആ കുട്ടി.

വേശ്യാലയത്തിൽ വച്ച് മമ്മൂട്ടി നടത്തിപ്പുകാരിയുടെ അടി വാങ്ങുന്ന ഒറ്റരംഗം മതി, നെഞ്ച് പിടഞ്ഞു പോകാൻ.കണ്ടിറങ്ങിയിട്ടും നെഞ്ചിൽ വലിയൊരു ഭാരമായി അമർന്നുപോയിരിക്കുന്നു ഈ പേരൻപ്..

ഇതൊരു മാസ് എന്റർടൈനറല്ല. ഇതൊരു സിനിമയേയല്ല.. ഇത് ജീവിതമാണ്. നമ്മളിൽ പലരും നെഞ്ചുരുകി ജീവിച്ചുകൊണ്ടിരിക്കുന്ന ജീവിതം.. മമ്മൂട്ടിയും സാധനയും മത്സരിച്ചു ജീവിച്ച പച്ചയായ ജീവിതം..

ട്രാൻസ് വുമൺ ആയ അഞ്ജലി അമീർ ട്രാൻസ്‌വുമണായിത്തന്നെ പ്രത്യക്ഷപ്പെടുന്നു എന്നതാണ് ഈ സിനിമയുടെ മറ്റൊരു പ്രത്യേകത..
മറ്റൊരു നായികയായ അഞ്ജലിയും കഥാപാത്രത്തോട് പൂർണ്ണമായും നീതി പുലർത്തി.

(സിനിമയുടെ കഥയോ ട്വിസ്റ്റുകളോ ഇതിൽ ഞാൻ ചേർത്തിട്ടില്ല.ഒരു പ്രേക്ഷക എന്ന നിലയിൽ മനസ്സിൽ തട്ടിയ മൂന്ന് സീനുകളാണ് എഴുതിയത്.)

വിനീത അനിൽ.

Follow Us:
Download App:
  • android
  • ios