അമ്മയും സഹോദരിയുമടക്കം ഏഴ് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി ഗൂഡാലോചന നടത്തി കൊലപ്പെടുത്തിയതെന്ന് പൊലീസ്
തിരുവനന്തപുരം: അടിമലത്തുറയില്‍ യുവാവിന്‍റെ മൃതദേഹം വീടിനുള്ളിൽ കണ്ടെത്തിയ സംഭവത്തില്‍ നാട്ടുകാര്‍ പിടികൂടി പോലീസിന് നല്‍കിയ രണ്ടുപേര്‍ ഉള്‍പ്പടെ ഏഴുപേരുടെ അറസ്റ്റ് വിഴിഞ്ഞം പോലീസ് രേഖപ്പെടുത്തി. കൊല്ലപ്പെട്ട യുവാവിന്‍റെ അമ്മയും, സഹോദരിയും, സഹോദരി ഭര്‍ത്താവും അടക്കം ഏഴുപേരുടെ അറസ്റ്റ് ആണ് രേഖപ്പെടുത്തിയത്. വിഴിഞ്ഞം അടിമലത്തുറ പുറംപോക്കുപുരയിടത്തിൽ വിനിത ഹൗസിൽ പരേതനായ വിൻസന്റിന്റെയും നിർമ്മലയുടെയും മകൻ വിനു (25)നെ ഈ മാസം നാലിന് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
സംഭവത്തില്‍ മാതാവ് നിർമ്മല( 44)സഹോദരി വിനിത(24) വിനിതയുടെ ഭർത്താവ് ജോയി ( 31) ജോയിയുടെ സുഹൃത്തുക്കളായ പുന്നക്കുളം കുഴിവിളക്കോണം സ്വദേശി ഫ്ളക്സിൻ(24) വിഴിഞ്ഞം കരയടിവിള സ്വദേശി കൊഞ്ചൻ എന്നുവിളിക്കുന്ന ജിജിൻ (20) ചൊവ്വര സ്വദേശികളായ കൃഷ്ണ എന്നു വിളിക്കുന്ന ഹരീഷ് (21) സജീവ് (24) എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. കുറെക്കാലം ഗൽഫിലായിരുന്ന വിനു മടങ്ങിയെത്തിയ ശേഷം മാനസിക വിഭ്രാന്തി കാരണം മാതാവായ നിർമ്മലയെ ആക്രമിച്ചതിനെ തുടർന്ന് ഇവർ ഏകമകളായ വിനിതയുടെ കൂടെയായിരുന്നു താമസം. അതിനുശേഷം വിനു തനിച്ചായിരുന്നു കുടുംബവീട്ടിൽ താമസിച്ചിരുന്നത്.
വിനുവിനെ മരണപ്പെട്ട നിലയിൽ കണ്ടതിൻറെ തലേന്ന് രാത്രി 11.30 ഓടെ വീട്ടിൽ നിന്നും ബഹളവും നിലവിളിയും കേട്ടിരുന്നതായി സമീപവാസികൾ പറഞ്ഞിരുന്നു . ഇടയ്ക്കിടയ്ക്ക് ഇതുപോലുള്ള നിലവിളികൾ പതിവായതുകൊണ്ട് അന്നു നാട്ടുകാർ കാര്യമായെടുത്തില്ല. പിറ്റേ ദിവസും വിനുവിനെ പുറത്തു കാണാത്തതിനെ തുടർന്ന് സംശയം തോന്നിയ നാട്ടുകാർ വൈകിട്ടോടെ കതക് തുറന്ന് പരിശോധിച്ചപ്പോഴാണ് തലയിൽ മുറിവേറ്റ് രക്തം വാർന്ന് മരിച്ച നിലയിൽ കണ്ടത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും കൊലപാതകമാണെന്നും അന്ന് നാട്ടുകാർ ആരോപിച്ചെങ്കിലും വിഴിഞ്ഞം പൊലീസും ഫോറൻസിക് വിദഗ്ദരും വീട്ടിലും പരിസരത്തും നടത്തിയ പരിശോധനയിൽ കാര്യമായ തെളിവുകൾ ഒന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

യുവാവ് മരിച്ച സംഭവം കൊലപാതകമാണെന്ന് ഉറച്ച് വിശ്വസിച്ച നാട്ടുകാരിൽ ചിലർ നടത്തിയ നീക്കങ്ങളാണ് കേസ് തെളിയുക്കന്നതിൽ നിർണ്ണായകമായത് .മരണപ്പെട്ട വിനുവും ജോയിയും തമ്മിൽ കൃത്യം നടന്നതിന് തലേ ദിവസം തുറയിൽ വെച്ച് അടിപിടികൂടിയിരുന്നു. അന്ന് ജോയിയുടെ കൂടെ വിഴിഞ്ഞം സ്വദേശിയായ കൊഞ്ചൻ ജിജിനെയും നാട്ടുകാർ കണ്ടിരുന്നു.അയാളാണ് വിനുവിനെ കൂടുതൽ മർദ്ദിച്ചത്. വിനുവിന്റെ മരണത്തിനു ശേഷം സംശയം തോന്നിയതോടെ ഇയാളെ പലരും ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഇയാളുടെ ഫോൺ സ്വിച്ച് ഓഫായിരുന്നത് സംശയം കൂടുതൽ ബലപ്പെടുത്തി.
പൊലീസിന്റെ അന്വേഷണം എങ്ങും എത്താതായതോടെ പ്രദേശത്തെ ചെറുപ്പക്കാർ വിനുവിനെ മർദ്ദിച്ച യുവാവിനെ അന്വേഷിച്ച് പലയിടങ്ങളിലും പോയെങ്കിലും കണ്ടെത്താനായില്ല. എന്നാൽ ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ ചപ്പാത്ത് ജംഗ്ഷനിൽ യുവാവ് എത്തിയതായി അടിമലത്തുറയിലെ യുവാക്കൾക്ക് വിവരം ലഭിച്ചതിനെ തുടർന്ന് സിനിമയെ വെല്ലുന്ന തരത്തിൽ യുവാക്കളെത്തി ഇയാളെ പിടികൂടി ചോദ്യം ചെയ്തതോടെയാണ് വിനുവിനെ കൊലപ്പെടുത്തിയ വിവരം തുറന്നു പറഞ്ഞത്. യുവാക്കൾ ഇത് ഫോണിൽ പകർത്തുകയും അത് വാട്സ് ആപ്പിലൂടെ ഷെയർചെയ്തത് വൈറലാകുകയും ചെയതതോടെ പൊലീസ് എത്തി യുവാവിനെ കസ്റ്റഡിയിലെടുത്തതോടെ കൊലപാതകത്തിൻറെ ചുരുളഴിഞ്ഞു.
കൃത്യത്തിൻറെ മുഖ്യ സൂത്രധാരകൻ വിനുവിന്‍റെ സഹോദരി ഭർത്താവ് ജോയിയാണെന്ന് പറഞ്ഞ യുവാവ് മറ്റഉള്ളവരുടെ പങ്കും വെളിപ്പെടുത്തുകയായിരുന്നു. വിനു സഹോദരിയായ വിനിതയെ നിരന്തരം ശല്യം ചെയ്തിരുന്നതായും മാതാവിനെ ദേഹോപദ്രവം ഏല്പ്പിച്ചിരുന്നതായും ഇതിൻറെ വൈരാഗ്യത്തിലാണ് കൊലപാതകം നടത്തിയതെന്നും പ്രതികൾ വെളിപ്പടുത്തിയതായി വിഴിഞ്ഞം പൊലീസ് പറഞ്ഞു. ഫ്ളക്സിൻറെ വീട്ടിൽ വെച്ചാണ് അഞ്ചംഗ സംഘം കൊലപാതകം ആസൂത്രണം ചെയ്തതെന്നും അമ്മയും സഹോദരിയും കൃത്യത്തിന് കൂട്ട് നില്‍ക്കുകയായിരുന്നുവെന്നും പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്നും വിഴിഞ്ഞം സി.ഐ എൻ.ഷിബു പറഞ്ഞു.
