തമ്പാനൂരില്‍ റെയില്‍വെ സ്റ്റേഷനില്‍ വന്നിറങ്ങിയ യാത്രക്കാര്‍ക്ക് ഇന്നും പതിവ് പോലെ പൊലീസ് യാത്രസൗകര്യമൊക്കിയിരുന്നു. ആര്‍.സി.സിയിലേക്കും തലസ്ഥാനത്തെ മറ്റ് ആശുപത്രികളിലേക്കും പൊലീസ് പ്രത്യേക സര്‍വ്വീസ് നടത്തി. കെ.എസ്.ആര്‍.ടി.സി സര്‍വ്വീസ് നടത്തിയില്ല. രാവിലെ ഓട്ടോറിക്ഷകള്‍ നിരത്തിലിറങ്ങിയെങ്കിലും പിന്നീട് ഇരുചക്രവാഹനങ്ങള്‍ മാത്രമായിരുന്നു. നഗരത്തില്‍ എവിടെയും വാഹനങ്ങള്‍ തടഞ്ഞില്ല. ഐ.എസ്.ആര്‍.ഒ വാഹനങ്ങളടക്കം യാത്രനടത്തി. ആദ്യം അക്രമം നടന്നത് നെയ്യാറ്റിന്‍കരയിലായിരുന്നു‍. ഇവിടെ ഹര്‍ത്താല്‍ അനൂകൂലികള്‍ ആംബുലന്‍സ് തടഞ്ഞു.

ഉച്ചയോടെ സെക്രട്ടറിയേറ്റിലേക്ക് ബി.ജെ.പി പ്രതിഷേധ മാര്‍ച്ച് നടത്തി. മുതിര്‍ന്ന നേതാക്കളടക്കം പങ്കെടുത്ത സെക്രട്ടറിയേറ്റ് മാര്‍ച്ചിനിടെ പ്രവര്‍ത്തകര്‍ സംഘര്‍ഷമുണ്ടാക്കി. രണ്ട് പത്രഫോട്ടോഗ്രാഫര്‍മാരുടെ ക്യാമറകള്‍ തകര്‍ത്തു. കിഴക്കേകോട്ടയില്‍ ഡി.വൈ.എഫ്‌.ഐയുടെ ആംബുലന്‍സും ബി.ജെ.പി പ്രവര്‍ത്തര്‍ തകര്‍ത്തു. മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണത്തില്‍ സര്‍ക്കാരിന്റെ ശക്തമായ നടപടി വേണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ആവശ്യപ്പെട്ടു.