രണ്ട് തൃണമൂല്‍ പ്രവര്‍ത്തകര്‍ക്ക് പരിക്ക് പലയിടങ്ങളിലും പൊലീസ് ലാത്തി വീശി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ പഞ്ചായത്ത് തെര‍ഞ്ഞെടുപ്പിലെ റീപോളിംഗിനിടെ സംഘര്‍ഷം. ബോംബേറിലും ആക്രമണത്തിലും രണ്ട് തൃണമൂല്‍ പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. മാല്‍ഡയില്‍ തോക്കുമായെത്തിയ ആള്‍ ബാലറ്റ് ബോക്സുമായി കടന്നു. ചൊവ്വാഴ്ച്ചത്തെ തെരഞ്ഞെടുപ്പിനിടെയുണ്ടായ വ്യാപക ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയിലായിരുന്നു റീപോളിങ്ങ്.

568 ബൂത്തുകളിലാണ് ഇന്ന് റീപോളിംഗ് നടന്നത്.എന്നാല്‍ പലയിടത്തും അക്രമം തുടര്‍ന്നു. മാല്‍ഡയിലെ രത്വായില്‍ തോക്കുമായെത്തിയ ആള്‍ 76 ആം നമ്പര്‍ ബൂത്തില്‍ നിന്നും പൊലീസുകാര്‍ നോക്കി നില്‍ക്കേ ബാലറ്റ് ബോക്സുമായി കടന്നു. മുര്‍ഷിദാബാദില്‍ പോളിങ്ങ് ബൂത്തിന് സമീപമുണ്ടായ ബോംബേറിലും ആക്രമണത്തിലും രണ്ട് തൃണമൂല്‍ പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. 

സിപിഎമ്മും ബിജെപിയും കോണ്‍ഗ്രസും സംഘം ചേര്‍ന്ന് ആക്രമിക്കുകയായിരുനെന്ന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. പലയിടത്തും തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തര്‍ ബൂത്ത് കയ്യേറിയതായും പരാതിയുണ്ട്.സംഘര്‍ഷങ്ങളില്‍ പ്രതിഷേധിച്ച് സിപിഎം ദില്ലിയില്‍ പശ്ചിമബംഗാള്‍ ഭവനിലേക്ക് മാര്‍ച്ച് നടത്തി

ഉത്തര ദിനാജ് പൂരിലെ ഗോള്‍ഫൊക്കാറില്‍ തടിച്ചുകൂടിയ ജനങ്ങള്‍ക്ക് നേരെ പൊലീസ് ലാത്തിവീശി. സംഘര്‍ഷങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കും.