അമേരിക്ക: അമേരിക്കയിലെ അരിസോണയില്‍ കൂളിഡ്ജിലാണ് ഞെട്ടിക്കുന്ന സംഭവങ്ങള്‍ അരങ്ങേറിയത്. 48കാരനായ വിക്ടര്‍ പ്രാറ്റാണ് അണലിയെ പിടികൂടി ചുട്ടു തിന്നാന്‍ ശ്രമിച്ചത്. മദ്യലഹരിയിലായിരുന്നു വിക്ടറിന്റെ ഈ അഭ്യാസം. സുഹൃത്തുക്കളുമൊത്തുള്ള പാര്‍ട്ടിക്കിടയിലാണ് പ്രദേശത്തു കണ്ടെത്തിയ അണലിയെ പിടികൂടി ചുട്ടു തിന്നാന്‍ ഇയാള്‍ ശ്രമിച്ചത്. അണലിയെ ബാര്‍ബിക്യൂ ചെയ്യുന്നതിന് മുന്‍പ് വിക്ടര്‍ വിവിധ തരത്തിലുള്ള ഫോട്ടോകള്‍ക്കും പോസ് ചെയ്തിരുന്നു. ഇതിനിടെയാണ് വിക്ടറിന്റെ മുഖത്തു തന്നെ പാമ്പ് കടിയേറ്റത്.

കടിയേറ്റ ഉടന്‍ തന്നെ വിക്ടറിനെ ആശുപത്രിയിലെത്തിച്ചതിനാലാണ് ജീവന്‍ രക്ഷിക്കാനായത്. ഏതാനും മിനിട്ടുകള്‍ കൂടി താമസിച്ചിരുന്നെങ്കില്‍ വിക്ടറിനെ രക്ഷിക്കാന്‍ സാധിക്കില്ലായിരുന്നുവെന്നാണ് ചികിത്സിച്ച ഡോക്ടര്‍മാരുടെ പ്രതികരണം. എന്നാല്‍ പാമ്പു കടിയേറ്റതോടെ വിക്ടറിന്റെ മുഖം തടിച്ചു വീര്‍ത്തു. മൂന്നു ദിവസം തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന വിക്ടര്‍ അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

മകന്റെ പിറന്നാള്‍ ആഘോഷത്തിനായിരുന്നു വിക്ടര്‍ പ്രാറ്റ് പാര്‍ട്ടി നടത്തിയത്. ഇതിനിടെയാണ് പാര്‍ട്ടി നടക്കുന്ന സ്ഥലത്ത് അണലി വിഭാഗത്തില്‍ പെട്ട പാമ്പിനെ കണ്ടത്. ഏതായാലും ഇനി പാര്‍ട്ടിക്കിടയിലെന്നല്ല എവിടെ വച്ചു പാമ്പിനെ കണ്ടാലും അങ്ങോട്ടു തിരിഞ്ഞുപോലും നോക്കില്ലെന്നു ശപഥം ചെയ്തിരിക്കുകയാണ് വിക്ടര്‍.