വിഷ്ണുഭായ് ബറോട്ട് എന്ന ഗുജറാത്തിലെ ഒരു കോണ്‍ട്രാക്ടറുടെ മകനാണ് അജയ് ബറോട്ട്. ചെറിയ പ്രായം മുതലേ എല്ലാ വിവാഹ ആഘോഷങ്ങളിലും പങ്കെടുക്കുമായിരുന്ന അജയ് എപ്പോഴും തന്‍റെ വിവാഹം ആഘോഷ പൂര്‍വ്വം നടക്കുന്നത് സ്വപ്നം കാണുകയും വീട്ടുകാരോട് പറയുകയും ചെയ്യാറുണ്ടായിരുന്നു. 

അഹമ്മദാബാദ്: വലിയ പന്തലിട്ട് നിറയെ ആഘോഷങ്ങളുമായി ഒരു വിവാഹം. കുതിരപ്പുറത്ത് വിവാഹ വേഷത്തിലെത്തുന്ന വരന്‍. ചുറ്റും കളിതമാശകള്‍ പറയുന്ന സുഹൃത്തുക്കള്‍. പാട്ടു പാടിയും നൃത്തം ചവിട്ടിയും ആഹ്ളാദത്തിനമിര്‍പ്പില്‍ സുഹൃത്തുക്കളും ബന്ധുക്കളും. എങ്ങും പാട്ടിന്‍റേയും ഒരു ഗംഭീര വിവാഹത്തിന്‍റേയും ഓളം.

അജയ് ബറോട്ട് എന്ന 27 വയസ്സുള്ള ഭിന്നശേഷിക്കാരനായ യുവാവിന്‍റെ വിവാഹമായിരുന്നു കഴിഞ്ഞ ദിവസം ഗുജറാത്തിലെ ശബര്‍കന്ത ജില്ലയിലെ ഹിമ്മത് നഗറില്‍ വെച്ച് ആഘോഷ പൂര്‍വ്വം നടന്നത്. എല്ലാവിധ ആഘോഷങ്ങളും പരിപാടികളുമുണ്ടെങ്കിലും വരന്‍ മാത്രമേ വിവാഹപ്പന്തലില്‍ ഉണ്ടായിരുന്നുള്ളു. വധു ഇല്ലാത്ത ഒരു വിവാഹമായിരുന്നു നടന്നത്. 

വിഷ്ണുഭായ് ബറോട്ട് എന്ന ഗുജറാത്തിലെ ഒരു കോണ്‍ട്രാക്ടറുടെ മകനാണ് അജയ് ബറോട്ട്. ചെറിയ പ്രായം മുതലേ എല്ലാ വിവാഹ ആഘോഷങ്ങളിലും പങ്കെടുക്കുമായിരുന്ന അജയ് എപ്പോഴും തന്‍റെ വിവാഹം ആഘോഷ പൂര്‍വ്വം നടക്കുന്നത് സ്വപ്നം കാണുകയും വീട്ടുകാരോട് പറയുകയും ചെയ്യാറുണ്ടായിരുന്നു. ഭിന്നശേഷിക്കാരനായ മകന് വധുവിനെ ലഭിക്കാന്‍ പ്രയാസമാണെന്ന് മനസ്സിലാക്കിയ വിഷ്ണുഭായ് ഒടുവില്‍ വധു ഇല്ലാതെ തന്നെ എല്ലാ ആഘോഷങ്ങളോടും കൂടി മകന്‍റെ വിവാഹം നടത്തുകയായിരുന്നു. 

'മകന്‍റെ സന്തോഷമാണ് വലുത്. അവന് ചെറിയ വയസ്സില്‍ അമ്മയെയും നഷ്ടപ്പെട്ടതാണ്. ഗ്രാമത്തിലെ എല്ലാ വിവാഹത്തിലും അവന്‍ പങ്കെടുക്കും. സ്വന്തം വിവാഹം എപ്പോഴാണ് നടക്കുകയെന്നാണ് എപ്പോഴും അവന് അറിയേണ്ടത്. അങ്ങനെയാണ് വധു ഇല്ലാതെ വിവാഹം നടത്താമെന്ന ചിന്തയിലേക്ക് എത്തിയതെന്നും വിഷ്ണുഭായ് പറയുന്നു. അവന്‍റെ സന്തോഷമാണ് എന്‍റെയും സന്തോഷം. വിവാഹ ആഘോഷം പൂര്‍ത്തിയായതോടെ അവന്‍റെ മനസ്സില്‍ അവന്‍റെ ഏറ്റവും വലിയ സ്വപ്നം നടന്നു കഴിഞ്ഞു. വിവാഹത്തോടനുബന്ധിച്ച് 800 പേര്‍ക്ക് സദ്യയും നല്‍കിയിട്ടുണ്ട് ഈ കുടുംബം. ഏതായാലും വധു ഇല്ലാതെ നടത്തിയ ഈ വിവാഹം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.