സൌത്ത് കരോലിന: സമൂഹമാധ്യമങ്ങളില്‍ വൈറലായി മുന്‍ അമേരിക്കന് ബാസ്കറ്റ്ബോള്‍ താരം ട്വീറ്റ് ചെയ്ത വീഡിയോ. കടല്‍ത്തീരത്ത് നിന്ന് ചെറുസ്രാവിനെ കൊത്തിപ്പറക്കുന്ന വലിയ പക്ഷിയുടെ വീഡിയോയാണ് മുന്‍ ബാസ്കറ്റ്ബോള്‍ താരമായ റെക്സ് ചാപ്മാന്‍ ട്വീറ്റ് ചെയ്തിട്ടുള്ളത്. അമേരിക്കയിലെ സൌത്ത് കരോലിനയിലെ മിര്‍ട്ടില്‍ ബീച്ചില്‍ നിന്നുള്ള ദൃശ്യങ്ങളെന്നാണ് താരം വീഡിയോയേക്കുറിച്ച് പറയുന്നത്. 

കടലില്‍ നിന്ന് കൊത്തിയെടുത്ത ചെറുസ്രാവുമായി പറക്കുന്ന പക്ഷിയെന്നാണ് വീഡിയോയ്ക്കൊപ്പം റെക്സ് ചാപ്മാന്‍ കുറിച്ചിരിക്കുന്നത്. പക്ഷിയുടെ കാല്‍നഖങ്ങള്‍ക്കിടയില്‍ കിടന്ന് ചെറുസ്രാവ് പിടയുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇന്നലെ ട്വീറ്റ് ചെയ്തിരിക്കുന്ന ഇരുപത്തിയഞ്ച് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ഇതിനോടകം നിരവധിപ്പേരാണ് പങ്കുവച്ചിട്ടുള്ളത്. 

15.9 ദശലക്ഷം ആളുകളാണ് ഈ വീഡിയോ ഇതിനോടകം കണ്ടിട്ടുള്ളത്.  പക്ഷിയുടെ നഖങ്ങളിലുള്ളത് സ്രാവ് ആണോയെന്ന് സംശയിക്കുന്നതായും നിരവധിപ്പേരാണ് വീഡിയോയോട് പ്രതികരിക്കുന്നത്.