നിയമസഭയിൽ ആരോഗ്യമന്ത്രി കെ.കെ.ശൈലജ നടത്തിയ പ്രസം​ഗത്തിലെ ഒരു ഭാ​ഗം അവതരിപ്പിച്ച് വൈറലായ കൊച്ചുമിടുക്കിയാണ് ആവർത്തന. ഇരുകയ്യും നീട്ടിയായിരുന്നു സൈബർ ലോകം ഈ ആറ് വയസുകാരിയെ ഏറ്റെടുത്തത്. നോക്കിലും നിൽപ്പിലും വാക്കിലും ‘ടീച്ചറിനെ’ വാർത്തുവച്ചപോലെ ആയിരുന്നു ഈ കുട്ടിക്കുറുമ്പിയുടെ അവതരണം. 

ഇപ്പോഴിതാ വീണ്ടും അനുകരണവുമായി എത്തിയിരിക്കുകയാണ് ആവർത്തന. എന്നാൽ, ഇത്തവണ ശൈലജ ടീച്ചറല്ല കേട്ടോ, മറിച്ച് മുഖ്യമന്ത്രി പിണറായി വിജയനെയാണ് ആവർത്തന തെരഞ്ഞെടുത്തിരിക്കുന്നത്. ദിവസേനയുള്ള മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിലെ ഒരു ഭാ​ഗമാണ് അനുകരിക്കുന്നത്. അയോധ്യ ക്ഷേത്രവുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മുഖ്യമന്ത്രി ഉത്തരം പറയുന്നതാണ് ആവര്‍ത്തന അതേപടി അനുകരിക്കുന്നത്. 

Read Also: ടിക് ടോക്കിൽ താരമായി കുഞ്ഞ് 'ടീച്ചറമ്മ'; നേരിട്ട് വിളിച്ച് അഭിനന്ദിച്ച് ആരോഗ്യമന്ത്രി, കാണാം വീഡിയോ

കണ്ണടവച്ച് വെള്ള ഷര്‍ട്ട് ധരിച്ച് തല നരപ്പിച്ചാണ് ആവര്‍ത്തന വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. മുന്നിൽ മൈക്കും ഒരു ഗ്ലാസ് വെള്ളവും ഒക്കെ തയ്യാറാക്കി വച്ചിട്ടുമുണ്ട്. ‘രാഷ്ട്രീയമായി ആരും കാണരുത് മോളുടെ പെർഫോമൻസ് എങ്ങനെയുണ്ട് കമന്റ് ചെയ്യുക..‘ എന്ന കുറിപ്പോടെയാണ് ഇൻസ്റ്റാ​ഗ്രാമിൽ വീഡിയോ പങ്കുവച്ചിരിക്കുന്നത്. എന്തായാലും ആവർത്തനയുടെ ഈ പുതിയ വീഡിയോയും ഇപ്പോള്‍ വൈറലായിരിക്കുകയാണ്.