കാൽവഴുതി കുഴിയിൽ അകപ്പെട്ടുപോയ ആനക്കുട്ടിയെ രക്ഷിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ. കുട്ടിയാനയെ രക്ഷിച്ചതിന് നന്ദി പറയുന്ന അമ്മയാനയാണ് വീഡിയോയിലെ ഹൈലൈറ്റ്. ഐ‌എഫ്‌എസ് ഉദ്യോഗസ്ഥൻ പർ‌വീൺ കസ്വാൻ ആണ് ഹൃദയസ്പർശിയായ വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചത്. 

''ഇന്ന് നിങ്ങള്‍ കാണുന്ന ഏറ്റവും മികച്ച കാഴ്ച. കുഴിയില്‍ വീണ കുട്ടിയാനയെ രക്ഷപ്പെടുത്തി. നോക്കൂ, ആ അമ്മയാന നന്ദി പറയുന്നത്. ഇത് ആനകളുടെ പൊതുസ്വഭാവമാണ്. അവരാദ്യം അവരുടെ ഭാഗത്തുനിന്ന് രക്ഷപ്പെടുത്താന്‍ ശ്രമിക്കും. നടന്നില്ലെങ്കില്‍ മാറി നില്‍ക്കും, മനുഷ്യർ രക്ഷക്കെത്തുന്നതും കാത്തുനില്‍ക്കും''- പർ‌വീൺ കസ്വാൻ വീഡിയോ പങ്കുവച്ചുകൊണ്ട് കുറിച്ചു. 

‌കുഴിയിൽ വീണ ആനക്കുട്ടി പുറത്തുകടക്കാൻ പാടുപെടുന്നത് വീഡിയോയിൽ കാണാം. ജെസിബിയുടെ സഹായത്തോടെ കുഴിയുടെ വശത്തുള്ള മണ്ണ് സാവധാനം മാറ്റിയാണ് കുട്ടിയാനയെ രക്ഷപ്പെടുത്തിയത്. കുട്ടിയാന പുറത്തെത്തിയത് കണ്ട അമ്മയാന പെട്ടെന്നെത്തി തലോടുന്നതും കെട്ടിപുണരുന്നതും വീഡിയോയിൽ കാണാം. പിന്നാലെ തന്റെ തുമ്പികൈ ഉയർത്തിപിടിച്ച് നന്ദി പറയുന്ന അമ്മയാനയെയും വീഡിയോയിൽ കാണാം. വീഡിയോ പങ്കുവച്ചതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളും ലൈക്കുകളുമായി രം​ഗത്തെത്തിയിരിക്കുന്നത്.