ഫുഡ് ഡെലിവറി യുവതി ഭക്ഷണം കൊണ്ട് വച്ചിട്ട് പോയതിന് പിന്നാലെ കരടി പാക്കറ്റോടെ ഭക്ഷണം എടുത്തോണ്ട് പോവുകയായിരുന്നു

ഓർലാന്‍ഡോ: ഓണ്‍ലൈനില്‍ ഓർഡർ ചെയ്ത ഭക്ഷണം അടിച്ച് മാറ്റി നൂറ് കിലോയിലേറെ ഭാരം വരുന്ന ഭീകരന്‍. ഫ്ലോറിഡയിലെ ഓർലാന്‍ഡോയിലാണ് സംഭവം. മകളുടെ നിർബന്ധം മൂലം വാങ്ങിയ ഫാസ്റ്റ് ഫുഡ് അടിച്ചുമാറ്റിയ ഭീകരനെ സിസിടിവിയില്‍ കണ്ട വീട്ടുകാരും ഭയപ്പാടിലായി. കാരണമെന്താണെന്നല്ലേ, ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പിലൂടെ വരുത്തിയ ഭക്ഷണം അടിച്ച് മാറ്റിയത് ഒരു ഭീമന്‍ കരടിയായിരുന്നു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്.

വീട്ടിന് മുന്നിലുള്ള സിസിടിവിയിലാണ് ഫുഡ് ഡെലിവറി യുവതി ഭക്ഷണം കൊണ്ട് വച്ചിട്ട് പോയതിന് പിന്നാലെ കരടി പാക്കറ്റോടെ ഭക്ഷണം എടുത്തോണ്ട് പോയത് പതിഞ്ഞത്. കുറച്ച് സമയത്തിന് ശേഷം കരടി വീട്ടുമുറ്റത്തേക്ക് എത്തിയതോടെ വീട്ടുകാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തില്‍ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പ് വീട്ടുകാര്‍ക്ക് ഭക്ഷണത്തിന്റെ പണം തിരികെ നൽകിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് മാസത്തിനിടെ മേഖലയില്‍ നടക്കുന്ന സമാന സ്വഭാവത്തിലുള്ള രണ്ടാമത്തെ സംഭവമാണ് ഇത്.

ഒക്ടോബര്‍ മാസത്തില്‍ കറുത്ത കരടി അടുക്കളയില്‍ നിന്ന് ലസാനിയ മോഷ്ടിച്ചിരുന്നു. മിനസോട്ടയിലായിരുന്നു ഇത്. സെപ്തംബറില്‍ ടെന്നസിയിലും സമാന സംഭവം നടന്നിരുന്നു. ടെന്നസിയിലെ വീട്ടില്‍ നിന്ന് ബർഗറുകളാണ് കരടി അടിച്ച് മാറ്റിയത്. മിക്ക ഇടങ്ങളിലും സംഭവം നടക്കുന്ന സമയത്ത് വീട്ടുകാര്‍ നേരിട്ട് സ്ഥലത്ത് ഇല്ലാത്തത് മൂലം ആർക്കും പരിക്കേറ്റിട്ടില്ല. വേസ്റ്റ് കൂനയിലും മറ്റും ഭക്ഷണം ഉപേക്ഷിക്കുന്നതും തുറന്നയിടങ്ങളില്‍ ഭക്ഷണം സൂക്ഷിക്കുന്നതും കരടി അടക്കമുള്ള വന്യ ജീവികളുടെ ആക്രമണത്തിനുള്ള സാധ്യതകള്‍ വർധിപ്പിക്കുന്നതാണെന്നാണ് വനംവകുപ്പ് അധികൃതര്‍ വിശദമാക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം