സാമൂഹ്യ മാധ്യമങ്ങൾ വ്യാപകമായതിന് പിന്നാലെ കൗതുകകരവും രസകരവും ചിന്തിപ്പിക്കുന്നതുമായ നിരവധി വീഡിയോകളാണ് ദിവസം പ്രത്യക്ഷപ്പെടുന്നത്. ചിലപ്പോൾ ഇത്തരം വീഡിയോകൾ മറ്റുള്ളവർക്ക് പ്രചോദനമാകാറുമുണ്ട്. അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോൾ സൈബർ ഇടങ്ങളില്‍ ശ്രദ്ധ നേടിയിരിക്കുന്നത്. 

ഇന്ത്യൻ ഫോറസ്റ്റ് സർവീസിലെ സുസന്ത നന്ദയാണ് 17 സെക്കൻഡ് ദൈർഘ്യമുള്ള ക്ലിപ്പ് ട്വിറ്ററിൽ പങ്കുവച്ചിരിക്കുന്നത്. ഒരു ഭിക്ഷാടകൻ തനിക്ക് കിട്ടിയ ഭക്ഷണത്തിന്‍റെ പങ്ക് തെരുവ് നായ്ക്കൾക്ക് പകുത്തുകൊടുക്കുന്നത് വീഡിയോയിൽ കാണാം. ഇയാളുടെ പാത്രത്തിലാണ് നായ്ക്കൾക്ക് ഭക്ഷണം നൽകുന്നത്. 

ഒരു മണിക്കൂറിനുള്ളിൽ 4000ത്തോളം പേരാണ് വീഡിയോ കണ്ടത്. ഏകദേശം 1000 ലൈക്കുകളും നേടി. വീഡിയോ വൈറലായതിന് പിന്നാലെ നിരവധി പേരാണ് ഭിക്ഷാടകനെ അഭിനന്ദിച്ചുകൊണ്ട് രം​ഗത്തെത്തിയിരിക്കുന്നത്.