മാല ചാർത്തി, അതും കഴിഞ്ഞ് അഗ്നിയെ വലം വച്ചു, ശേഷം ചടങ്ങുകൾ നടന്നു. വധുക്കളുമായി വരൻമാർ അവരവരുടെ വീടുകളിലേക്ക് മടങ്ങി.
ഭോപ്പാൽ: മധ്യപ്രദേശിൽ കറന്റ് പോയതോടെ മുടങ്ങിയത് രണ്ട് സഹോദരിമാരുടെ വിവാഹം. അണിഞ്ഞൊരുങ്ങി വിവാഹത്തിന് തയ്യാറായി നിന്ന സഹോദരിമാരിൽ ഒരാളെ മാലയിട്ടു, കറന്റ് വന്നപ്പോഴാണ് വധു മാറിയതെന്ന് അറിഞ്ഞത്. ഉജ്ജയിനിലാണ് സംഭവം. ഞായറാഴ്ച, രമേഷ്‌ലാലിന്റെ രണ്ട് പെൺമക്കളായ നികിതയുടെയും കരിഷ്മയുടെയും വിവാഹമായിരുന്നു.
വ്യത്യസ്ത കുടുംബങ്ങളിൽ നിന്നുള്ള രണ്ട് യുവാക്കളായ ദംഗ്‌വാര ഭോലയും ഗണേഷുമാണ് വരൻമാർ. വധുക്കൾ മുഖം മൂടിയിരുന്നതിനാലും ഇരുവരുടെയും വസ്ത്രധാരണം ഒന്നുതന്നെയായതിനാലും വിവാഹ ചടങ്ങുകൾ നടക്കുമ്പോൾ ആരും വധുക്കൾ ഇടകലർന്ന വിവരം അറിഞ്ഞിരുന്നില്ല.
മാല ചാർത്തി, അതും കഴിഞ്ഞ് അഗ്നിയെ വലം വച്ചു, ശേഷം ചടങ്ങുകൾ നടന്നു. വധുക്കളുമായി വരൻമാർ അവരവരുടെ വീടുകളിലേക്ക് മടങ്ങി. മടക്കയാത്രയിലാണ് വധുവിനെ മാറിയ വിവരം രണ്ട് കുടുംബങ്ങളും അറിയുന്നത്. ഇതോടെ കുടുംബങ്ങൾ തമ്മിൽ കലഹമായി. ഒടുവിൽ പ്രശ്നങ്ങൾ പറഞ്ഞ് ഒത്തുതീർപ്പായി. അടുത്ത ദിവസം ഒരിക്കൽ കൂടി ചടങ്ങുകൾ നടത്താൻ വധൂവരന്മാരോട് ആവശ്യപ്പെടുകയായിരുന്നു.
