ദില്ലി: ഐഎഫ്എസ് ഓഫീസറായ സുശാന്ത നന്ദ പങ്കുവച്ച ചീറ്റപ്പുലിയ്ക്ക് മുന്നില്‍ പെട്ടുപോയ കലമാനിന്‍റെ വീഡിയോ ആരെയും ഒരുനിമിഷമൊന്ന് പിടിച്ചിരുത്തും. ഏഴ് സെക്കന്‍റില്‍ താഴെ മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ചീറ്റ കലമാനിന് പിന്നാലെ ഓടുന്നത് മാത്രമാണുള്ളത്. എന്നാല്‍ പിന്നീട് എന്തുണ്ടായെന്നോ ആ മാനിന് എന്തുസംഭവിച്ചെന്നോ വീഡിയോയിലില്ല. എങ്കിലും ഒരു നിമിഷം, ജീവന് വേണ്ടിയുള്ള മാനിന്‍റെ പാച്ചില്‍ ആരെയും നൊമ്പരപ്പെടുത്തും. 

'ഏറ്റവും വേഗതയുള്ള മൃഗമായ ചീറ്റപ്പുലി, എങ്ങനെയാണ് തന്‍റെ നീളമുള്ള വാല് ഉപയോഗിച്ച് ബാലന്‍സ് ചെയ്യുന്നതെന്ന് നോക്കൂ' എന്നാണ് സുശാന്ദ വീഡിയോക്കൊപ്പം കുറിച്ചത്. ചീറ്റയുടെ വരവുതന്നെ കണ്ടിരിക്കേണ്ടതാണെന്നാണ് ചിലരുടെ കമന്‍റ്. പിന്നീട് എന്തുസംഭവിച്ചുവെന്നറിയണമെന്നാണ് മറ്റുചിലരുടെ ആവശ്യം.