കൊറോണ വൈറസ് എന്ന മഹാമാരിയെ ചെറുത്തുതോൽപ്പിക്കാനുള്ള പ്രയത്നത്തിൽ മുൻ നിരയിൽ നിന്ന് പോരാടുകയാണ് പൊലീസ് ഉദ്യോ​ഗസ്ഥർ. ഉറ്റവരെ ഉപേക്ഷിച്ച് രാപ്പകലില്ലാതെ മറ്റുള്ളവരുടെ സുരക്ഷയ്ക്കായി കാവൽ നിൽക്കുകയാണ് അവർ. പലരും തങ്ങളുടെ കുടുംബാം​ഗങ്ങളെ കണ്ടിട്ട് തന്നെ ദിവസങ്ങളോളമായി. ഇപ്പോഴിതാ ജോലി കഴിഞ്ഞെത്തിയ പൊലീസുകാരനെ സ്വാ​ഗതം ചെയ്യുന്ന നായയുടെ വീഡിയോ ആണ് സൈബർ ഉപയോക്താക്കളുടെ കണ്ണിനെ ഈറനണിയിച്ചിരിക്കുന്നത്.

തന്റെ യജമാനനെ കണ്ടതും രണ്ട് കാലുകൾ ഉയർത്തി സ്വാ​ഗതം ചെയ്യുകയാണ് ഈ വളർത്തുനായ. വാലാട്ടി, കൈകൾ ഉയർത്തി നിൽക്കുന്ന നായയെ വീഡിയോയിൽ കാണാം. താക്കോൽ വച്ച് നായയെ കളിപ്പിക്കാൻ പൊലീസുകാരൻ ശ്രമിക്കുന്നുണ്ട്. പിന്നാലെ അദ്ദേഹം വീടിനകത്ത് കയറിയതും നായ സ്നേഹം കൊണ്ട് കെട്ടിപ്പിടിക്കുന്നതും കളിക്കുന്നതും വീഡിയോയിൽ ദൃശ്യമാണ്. 

'സ്ട്രേ ഡോഗ് ഫീഡർ കണ്ടിവാലി' എന്ന ഇൻസ്റ്റാഗ്രാം ഹാൻഡിലിലാണ് ഈ ഹൃദ്യമായ വീഡിയോ പങ്കുവച്ചിരിക്കുന്നത്. 'യഥാർത്ഥ സ്നേഹം. അവരുടെ ജീവൻ പണയപ്പെടുത്തി ഞങ്ങളുടെ സുരക്ഷയ്ക്കായി 24/7 പ്രവർത്തിച്ചതിന് മുംബൈ പൊലീസിന് സല്യൂട്ട്' എന്നാണ് വീഡിയോയ്ക്ക് താഴേ കുറിച്ചിരിക്കുന്നത്.

എന്തായാലും യജമാനനോടുള്ള ഈ നായയുടെ സ്നേ​ഹത്തെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. 'നായ്ക്കളുടെ ഏറ്റവും മികച്ച വീഡിയോകളിലൊന്ന്, മനോഹരമായ നായ' എന്നിങ്ങനെയാണ് വീഡിയോയ്ക്ക് വന്നിരിക്കുന്ന പ്രതികരണങ്ങൾ.