ശ്രീന​ഗർ: നമസ്ക്കാരത്തിനിടെ പിതാവിന്റെ മുതുകത്ത് കയറി കുസൃതിക്കാട്ടുന്ന മകളുടെ വീഡിയോയാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. നിസ്ക്കരിക്കാൻ പള്ളിയിൽ വരുന്നതിനിടെ പിതാവ് കൂടെകൂട്ടിയതായിരുന്നു തന്റെ കൊച്ചുസുന്ദരിയെ. പിന്നീട് നിസ്ക്കാരം തുടങ്ങിയപ്പോൾ പുറകിൽനിന്ന് ഓടിവന്ന് പിതാവിന്റെ മുതുകിൽ കയറി ചാഞ്ചാടി കളിക്കുകയായിരുന്നു ഈ കൊച്ചുസുന്ദരി. ശ്രീന​ഗറിലെ ജാമിയ മസ്ജിദ് പള്ളിയിൽ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്ത് വന്നത്. 

മാധ്യമപ്രവർത്തകയായ സ്മിതാ ശർമ്മയാണ് വീഡിയോ ട്വീറ്ററലൂടെ പങ്കുവച്ചത്. ആറാംഘട്ട ലോക്സഭ തെരഞ്ഞെടുപ്പ് നടന്ന അഞ്ചാം തീയ്യതിയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒരുകൂട്ടം ആളുകൾ നിസ്കരിക്കുന്ന പള്ളിക്കുള്ളിൽ വളരെ രസകരമായാണ് പെൺകുട്ടി തന്റെ പിതാവിന്റെ മുതുകിൽ കയറി കളിക്കുന്നത്. രണ്ട് തവണ മുതുകിൽ കയറി മുന്നോട്ടേക്കും പിന്നോട്ടേക്കും ചാഞ്ചാടി കളിച്ചെങ്കിലും മൂന്നാമത്തെ തവണ മുതുകിൽനിന്നും തറയിലേക്ക് തലയും കുത്തി വീഴുകയായിരുന്നു. പിഞ്ചുകുട്ടികളുടെ നിഷ്കളങ്കതയാണ് വീഡിയോയിലൂടെ തുറന്ന് കാട്ടുന്നതെന്ന് കാണിച്ച് നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റ് ചെയ്തത്.