ദില്ലി: കൊറോണ വൈറസ് ബാധയിൽ നിന്നും മുക്തി നേടി വീട്ടിലെത്തിയ സഹോദരിക്ക് കിടിലൻ സ്വീകരണമൊരുക്കിയിരിക്കുകയാണ് അനിയത്തി. എത്രത്തോളം സന്തോഷത്തോടെയാണ് സഹോദരിയെ സ്വീകരിക്കുന്നതെന്ന് വീഡിയോ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. വിജനമായ നിരത്തിലൂടെ ദൂരെ നിന്നും നടന്നു വരികയാണ് ചേച്ചി. ഇങ്ങേയറ്റത്ത്, വീടിന് മുന്നിൽ നിന്ന് പാട്ട് റെഡിയാക്കുന്ന തിരക്കിലാണ് അനിയത്തി. ഏകദേശം അടുത്തെത്താറാകുമ്പോൾ പാട്ടുപെട്ടി ഓൺ ചെയ്യുന്നു. പിന്നീടങ്ങോട്ട് കിടിലൻ ഡാൻസാണ്. 

കൈകളിൽ ബാ​ഗും മറ്റ് സാധനങ്ങളുമുണ്ടെങ്കിലും ചേച്ചിയും അനിയത്തിയുടെ നൃത്തത്തിൽ പങ്കാളിയാകുന്നുണ്ട്. പിന്നീട് ആരതിയുഴിഞ്ഞാണ് ചേച്ചിയെ വീട്ടിനുള്ളിലേക്ക് കയറ്റുന്നത്. ദീപാംശു കബ്റ എന്ന ഐപിഎസ് ഓഫീസറാണ് ട്വിറ്ററിൽ ഈ വീഡിയോ പങ്കു വച്ചിരിക്കുന്നത്. കൊറോണ പരാജയപ്പെടുത്തി വീട്ടിലെത്തിയ ചേച്ചിക്ക് അനിയത്തി നൽകുന്ന സ്വീകരണം എന്ന തലക്കെട്ടോടെയാണ് അദ്ദേഹം വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.  ഒരു മഹാമാരിക്കും പുഞ്ചിരിയുടെ ഒരു നാനോമീറ്റർ പോലും കുറയ്ക്കാൻ സാധിക്കില്ലെന്നും അദ്ദേഹം ട്വീറ്റിൽ കൂട്ടിച്ചേർത്തിട്ടുണ്ട്.