കൈകളിലും കാല്‍മുട്ടിന് സമീപത്തും എന്തിന് തോളിന് മുകളില്‍ പോലും ഒളിപ്പിച്ചിരിക്കുന്ന തോക്കുകളില്‍ നിന്ന് വെടിയുതിര്‍ക്കാമെന്നതാണ് ഈ ലോഹ സ്യൂട്ടിന്‍റെ പ്രത്യേകത

മുംബൈ: അയണ്‍മാന്‍ പടച്ചട്ടകള്‍ സിനിമകളില്‍ മാത്രമാണ് നമ്മള്‍ കണ്ടിട്ടുള്ളത്. എന്നാല്‍ അയണ്‍മാന്‍ ലുക്കില്‍ ലോഹ കവചങ്ങളണിഞ്ഞ ഒരു ഇന്ത്യക്കാരനെ പരിചയപ്പെടാം. സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വലിയ ചര്‍ച്ചയായിക്കഴിഞ്ഞിരിക്കുന്ന ഇന്ത്യന്‍ അയണ്‍മാന്‍റെ വിശേഷങ്ങളിങ്ങനെ.

ലോഹനിര്‍മ്മിത പടച്ചട്ട അണിഞ്ഞാണ് യുവാവിന്‍റെ നില്‍പ്. കൈകളിലും കാല്‍മുട്ടിന് സമീപത്തും എന്തിന് തോളിന് മുകളില്‍ പോലും ഒളിപ്പിച്ചിരിക്കുന്ന തോക്കുകളില്‍ നിന്ന് വെടിയുതിര്‍ക്കാമെന്നതാണ് ഈ ലോഹ സ്യൂട്ടിന്‍റെ പ്രത്യേകത. എതിരാളിയുടെ വെടിയുണ്ടകള്‍ തടുക്കാന്‍ നെഞ്ചിലും വയറിലും കാലുകളിലും ലോഹ കവചം. തീവ്രവാദികളെ ചെറുക്കാനും സൈനികര്‍ക്ക് സഹായമാകാനുമാണ് യുവാവ് ഇത് നിര്‍മ്മിച്ചിരിക്കുന്നത് എന്ന് ആഗോളമാധ്യമമായ 'റഷ്യടുഡേ' പുറത്തുവിട്ട വീഡിയോയുടെ തലക്കെട്ട് പറയുന്നു. 

വെടിയുണ്ടകള്‍ ചീറിപ്പായുന്ന ഇന്ത്യന്‍ അയണ്‍മാന്‍റെ കുപ്പായം കണ്ടതും സമൂഹമാധ്യമങ്ങളില്‍ ആളുകള്‍ക്ക് അകാംക്ഷ അടക്കനായിട്ടില്ല. പേര് വ്യക്തമല്ലെങ്കിലും ഈ കണ്ടുപിടുത്തത്തിന് യുവാവിനെ അഭിനന്ദിക്കുകയും പിന്തുണയ്‌ക്കുകയും വേണെന്ന് ആവശ്യമുയര്‍ന്നു. എന്നാല്‍ ഈ കണ്ടുപിടുത്തം ചിലര്‍ക്ക് അത്ര രസിച്ചുമില്ല. ബാറ്ററി ഉപയോഗിച്ചുള്ള കണക്ഷനും ഇളകിയ വയറുകളുമാണ് അവര്‍ക്ക് ചിരി പടര്‍ത്തിയത്. ഇന്ത്യന്‍ എക്‌സ്‌പ്രസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

"