Asianet News MalayalamAsianet News Malayalam

'ശത്രുക്കളോടുപോലും ഇങ്ങനെയൊന്നും ചെയ്യരുത്'; രണ്ടാം ദിവസവും സോഷ്യൽമീഡിയയിൽ നിറഞ്ഞ് സതീശനും സുധാകരനും

പുതുപ്പള്ളി തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം കെപിസിസി വിളിച്ച വാർത്താ സമ്മേളനത്തിലെ ദൃശ്യങ്ങളെന്ന പേരിലാണ് വീഡിയോ പ്രചരിക്കുന്നത്.

K Sudhakaran and VD Satheesan press meet issue second video out prm
Author
First Published Sep 21, 2023, 2:03 PM IST

തിരുവനന്തപുരം: മൈക്കിന് വേണ്ടി വാശിപിടിക്കുന്ന വീഡിയോക്ക് പിന്നാലെ കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് സതീശനും തമ്മിലുള്ള മറ്റൊരു വീഡിയോയും സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നു. പുതുപ്പള്ളി തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം കെപിസിസി വിളിച്ച വാർത്താ സമ്മേളനത്തിലെ ദൃശ്യങ്ങളെന്ന പേരിലാണ് വീഡിയോ പ്രചരിക്കുന്നത്. വാർത്താസമ്മേളനത്തിനിടെ മാധ്യമ പ്രവർത്തകയുടെ ഇം​ഗ്ലീഷിലുള്ള ചോദ്യത്തിന് മറുപടി പറയാൻ സുധാകരൻ ബുദ്ധിമുട്ടുന്നതും സതീശന്റെ സഹായം തേടുമ്പോൾ അദ്ദേഹം കൈയൊഴിയുന്നതുമാണ് വീഡിയോയിലുള്ളത്. ശത്രുക്കളോടു പോലും ഇങ്ങനെയൊന്നും ചെയ്യരുത് എന്ന രീതിയിലാണ് വീഡിയോ പ്രചരിക്കുന്നത്. ഇടതു സൈബർ ഹാൻഡിലുകളാണ് വീഡിയോ പ്രചരിപ്പിക്കുന്നത്. 

 മൈക്കിന് പിടിവലികൂടുന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെയും കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെയും വീഡിയോ സോഷ്യൽമീഡിയയിൽ കഴിഞ്ഞ ദിവസം  പ്രചരിച്ചിരുന്നു. സംഭവത്തിൽ ഇരുവരെയും ട്രോളി ഇടതു സൈബർ ഹാൻഡിലുകൾ രം​ഗത്തെത്തി. പിന്നാലെയാണ് രണ്ടാമത്തെ ദൃശ്യങ്ങളും പുറത്തുവന്നത്. ചാണ്ടി ഉമ്മന്റെ വിജയത്തിന് ശേഷം കോൺ​ഗ്രസ് നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും തമ്മിലുള്ള തർക്കമുണ്ടായത്. വാർത്താ സമ്മേളനം ആരാദ്യം തുടങ്ങുമെന്നതായിരുന്നു തർക്ക വിഷയം. 

Read More.... സുധാകരൻ-സതീശൻ വീഡിയോ: അടി നടക്കാത്തത് ഭാഗ്യം, ഇനി എന്തിനെല്ലാം അടികൂടും? ഇപി ജയരാജൻ

വാർത്താസമ്മേളനത്തിൽ വി ഡി സതീശനാണ് ആദ്യമെത്തിയത്. ഈ സമയം, സതീശന്റെ മുന്നിലായിരുന്നു മാധ്യമങ്ങളുടെ മൈക്കുകൾ. പിന്നീട് സുധാകരനെത്തി. അദ്ദേഹമെത്തിയപ്പോൾ വി ഡി സതീശൻ നീങ്ങി അപ്പുറത്തിരുന്നെങ്കിലും മൈക്കുകൾ തന്റെയടുത്തേക്ക് നീക്കി. ഇത് സുധാകരന് ഇഷ്ടമായില്ല. വാർത്താ സമ്മേളനം ഞാൻ തുടങ്ങുമെന്ന് സതീശൻ പറഞ്ഞപ്പോൾ, സുധാകരൻ സമ്മതിച്ചില്ല. കെപിസിസി പ്രസിഡന്റെന്ന് നിലയിൽ വാർത്താ സമ്മേളനം താൻ തുടങ്ങുമെന്നും പിന്നീട് നിങ്ങൾ പറഞ്ഞാൽ മതിയെന്നും എല്ലാവരും കേൾക്കെ സുധാകരൻ സതീശനോട് പറഞ്ഞു. തുടർന്ന് സതീശൻ മുന്നിലുള്ള മൈക്ക് സുധാകരന് നേരെ നീക്കിവെച്ചു.

പ്രവർത്തകർ നൽകിയ പൊന്നാട സ്വീകരിക്കാനും സതീശൻ തയ്യാറായില്ല.  പിന്നീട് വാർത്താസമ്മേളനത്തിന്റെ അവസാനം മാധ്യമപ്രവർത്തകരുടെ ചോദ്യത്തിൽ നിന്നും സതീശൻ ഒഴിഞ്ഞുമാറി. എല്ലാം പ്രസിഡന്റ് എല്ലാം പറഞ്ഞിട്ടുണ്ടെന്നും തനിക്കൊന്നും പറയാനില്ലെന്നും സതീശൻ പറഞ്ഞു. ആവർത്തിച്ചുള്ള ചോദ്യത്തിൽ നിന്നും സതീശൻ നീരസത്തോടെ ഒഴിഞ്ഞു. വിവാദമായതിന് പിന്നാലെ വിശദീകരണവുമായി സതീശൻ രം​ഗത്തെത്തിയിരുന്നു. പുതുപ്പള്ളി വിജയത്തിന്റെ മുവുവൻ ക്രെഡിറ്റും തനിക്ക് തരാൻ കെപിസിസി പ്രസിഡന്റ് ശ്രമിച്ചത് തടയുകയായിരുന്നു താനെന്ന് സതീശൻ പറഞ്ഞു. 

Follow Us:
Download App:
  • android
  • ios