മൂവാറ്റുപുഴ: ടിക് ടോക്കില്‍ നൂറു കണക്കിന് ആരാധകരെ നേടിയ വീട്ടമ്മയ്ക്ക് ഒടുവില്‍ ആരോരുമില്ലാതായി. ഇപ്പോള്‍ അനാഥാലയത്തിലെ അന്തേവാസിയാണ് ഇവര്‍. ആരാധകരെ സമ്മാനിച്ച ടിക് ടോക്ക് തന്നെയാണ് വില്ലനായത്. ടിക് ടോക്ക് വീഡിയോകള്‍ വൈറലായതോടെ കടുത്ത ആരാധകനെന്ന് പറഞ്ഞ് വീട്ടമ്മയുമായി ഒരു യുവാവ് സൗഹൃദം സ്ഥാപിക്കുകയും പിന്നീട് ഇത് പ്രണയമായി മാറിയതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം കുറിച്ചതെന്നാണ് പ്രധാന പത്രം റിപ്പോര്‍ട്ട് ചെയ്തത്. 

വീട്ടമ്മയും യുവാവും ചേര്‍ന്നുള്ള സെല്‍ഫി ഇവര്‍ ഫോണില്‍ സൂക്ഷിച്ചിരുന്നു. സെല്‍ഫിക്ക് ഒപ്പം പ്രണയത്തില്‍ ചാലിച്ച അടിക്കുറിപ്പോടെ സൂക്ഷിച്ച ചിത്രം വീട്ടമ്മയുടെ ഭര്‍ത്താവ് കണ്ടതോടെയാണ് വീട്ടില്‍ പ്രശ്‌നം ആരംഭിച്ചത്.  തുടര്‍ന്ന് ഭര്‍ത്താവ് ഉപേക്ഷിച്ചതോടെ അഭയം തേടി വീട്ടമ്മ മാതാപിതാക്കളെ സമീപിച്ചു. എന്നാല്‍ അവരും കൈയ്യൊഴിഞ്ഞു. 

തുടര്‍ന്ന് കാമുകന്‍റെ അടുത്തെത്തി. എന്നാല്‍ കാമുകനും വീട്ടമ്മയെ സ്വീകരിക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് ഭര്‍ത്താവിനെയും മാതാപിതാക്കളെയും കാമുകനെയും വിളിച്ചുവരുത്തി പോലീസ് സംസാരിച്ചെങ്കിലും വീട്ടമ്മയെ സ്വീകരിക്കാന്‍ ആരും തയ്യാറായില്ല. ഒടുവില്‍ പോലീസ് വീട്ടമ്മയെ അനാഥാലയത്തിലെത്തിക്കുകയായിരുന്നു.