ടുക്കളയില്‍ നിന്ന് അമ്മ ഒളിപ്പിച്ചുവെച്ച സ്‌നാക്ക്‌സ് മോഷ്ടിക്കാത്ത കുട്ടികളുണ്ടാവില്ല. മോഷ്ടിക്കുന്നതിനിടയില്‍ അമ്മ പിടികൂടിയാല്‍ കുട്ടികള്‍ പല നമ്പറുമിറക്കും. ചിലര്‍ കരയും, മറ്റുചിലര്‍ ചിരിക്കും, ചിലര്‍ ഇനി എടുക്കില്ലെന്ന് പറയും. എന്നാല്‍, ഈ കൊച്ചുമിടുക്കി ചെയ്തതെന്താണെന്നോ, മോഷണം കൈയോടെ അമ്മ പിടികൂടിയപ്പോള്‍ നിന്ന നില്‍പ്പില്‍ അങ്ങ് ഉറങ്ങിപ്പോയി. കുട്ടിയുടെ വീഡിയോ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

ക്രിസ് ജെ വോണ്‍ എന്ന യുവതിയാണ് മകളുടെ കുസൃതി ഫോണില്‍ ചിത്രീകരിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. പിന്നീട് ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലും വീഡിയോ വൈറലായി. ഏകദേശം രണ്ട് വയസ്സ് തോന്നിക്കുന്ന കുട്ടി അടുക്കളയില്‍ ഫ്രിഡ്ജില്‍ നിന്ന് ആരും കാണാതെ സ്‌നാക്ക്‌സ് എടുത്തുകൊണ്ടുവരികയാണ്. പെട്ടെന്നാണ് അമ്മയുടെ ശബ്ദം. അതോടെ കുട്ടി നിന്ന നില്‍പ്പില്‍ ഉറങ്ങിപ്പോകുന്നു. എന്താണ് കൈയില്‍, എടുത്ത് തിരിച്ച് വെക്ക്, കണ്ണ് തുറക്ക് എന്നൊക്കെ പറയുന്നുണ്ട്. അവള്‍ കേട്ട മട്ടേയില്ല. അവസാനം നീ ഉറക്കമാണോ എന്ന് ചോദിക്കുമ്പോള്‍ പതിയെ കണ്ണ് തുറന്ന് കള്ളചിരി ചിരിക്കുന്നു. ഇതിനെല്ലാം സാക്ഷിയായി സമീപത്ത് ഒരു നായ്ക്കുട്ടിയുമുണ്ട. ആരിലും ചിരിയുണര്‍ത്തുന്നതാണ് കുട്ടിയുടെ ഭാവങ്ങള്‍. 

വീഡിയോ കാണാം

 

ഏകദേശം 40 ലക്ഷം ആളുകളാണ് ട്വിറ്ററില്‍ മാത്രം കുട്ടിയുടെ വീഡിയോ കണ്ടത്. 72000 പേര്‍ റീ ട്വീറ്റ് ചെയ്തു. സംഭവം തമാശയായി മാത്രമെടുക്കണമെന്ന് നിരവധി പേര്‍ അഭിപ്രായപ്പെട്ടു. കുട്ടിയുടെ നിഷ്‌കളങ്കതയാണ് എല്ലാവരെയും ആകര്‍ഷിച്ചത്.