ലണ്ടന്‍: സ്രാവിനെ പിടികൂടി വായപിളര്‍ത്തുന്ന വ്യക്തിയുടെ വീഡിയോ വൈറലാകുന്നു. അമേരിക്കയിലെ ഡീലാവെയറിലെ കേപ്പ് ഹെന്‍ലോപ്പണ്‍ സ്റ്റേറ്റ് പാര്‍ക്ക് ബീച്ചിലാണ് സംഭവം എന്നാണ് ബ്രിട്ടീഷ് മാധ്യമം മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഫേസ്ബുക്കില്‍ തദ്ദേശവാസിയായ റേച്ചല്‍ ഫോസ്റ്ററാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ ഈ വീഡിയോയെ വിമര്‍ശിച്ച് നിരവധിപ്പേരാണ് സോഷ്യല്‍ മീഡിയയില്‍ കമന്‍റുകളുമായി രംഗത്ത് എത്തിയത്. സ്രാവുകളെ പിടിക്കുന്നതും ഉപദ്രവിക്കുന്നതും അമേരിക്കയിലെ ഈ സംസ്ഥാനത്ത് കുറ്റകരമാണ് എന്നത് കമന്‍റില്‍ പലരും ഓര്‍മ്മിപ്പിക്കുന്നു.

എന്നാല്‍ കമന്‍റുകള്‍ക്ക് മറുപടി നല്‍കിയ റേച്ചല്‍ ഫോസ്റ്റര്‍ സ്രാവിനെ പിടിച്ച നീന്തല്‍ക്കാരന്‍ ഒരു നിയമവും തെറ്റിച്ചില്ലെന്ന് പറയുന്നുണ്ട്. വീഡിയോയില്‍ നീന്തല്‍ക്കാരനെന്ന് തോന്നിക്കുന്ന വ്യക്തി ഒരു സ്രാവിന്‍റെ താടികളില്‍ പിടിച്ച് വായ ക്യാമറയ്ക്ക് അഭിമുഖമായി പിളര്‍ക്കുന്നതാണ് കാണുന്നത്.  "That's a big*** shark," എന്ന് ഒരു യുവതി പറയുന്നതും കേള്‍ക്കാം.

ഫോക്സ് ന്യൂസിന്‍റെ റിപ്പോര്‍ട്ട് പ്രകാരം കേപ്പ് ഹെന്‍ലോപ്പണ്‍ സ്റ്റേറ്റ് പാര്‍ക്ക് ബീച്ച് പരിസരത്ത് വിവിധ തരത്തിലുള്ള സ്രാവുകള്‍ കാണപ്പെടാറുണ്ട്. ഇപ്പോള്‍ വീഡിയോയിലെ വ്യക്തി പിടിച്ച സ്രാവ് ഏത് വിഭാഗത്തില്‍ പെടുന്നതാണ് എന്ന് വ്യക്തമല്ല. അതേ സമയം സ്റ്റേറ്റ് നിയമപ്രകാരം സാന്‍റ് ടൈഗര്‍, സാന്‍റ് ബാര്‍ വിഭാഗത്തിലുള്ള സ്രാവുകളെ പിടിക്കുന്നത് നിയമവിരുദ്ധമാണ്.