വീട്ടിൽ വളർത്തുന്ന സിംഹത്തിന്റെ മുഖത്ത് കേക്ക് വലിച്ചെറിഞ്ഞ ഉടമയെ രൂക്ഷമായി വിമർശിച്ച് സോഷ്യൽമീഡിയ. കുർദിഷ് സ്വദേശിയായ ബ്രിഫ്കാനി എന്ന യുവാവാണ് വളർത്തുസിംഹമായ ലിയോയുടെ മുഖത്ത് കേക്ക് വലിച്ചെറിഞ്ഞത്. ലിയോയ്ക്ക് പിറന്നാൾ ആശംസകൾ നേരുന്നതിനിടെയായിരുന്നു ബ്രിഫ്കാനിയുടെ പ്രകടനം. സംഭവത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായിരിക്കുകയാണ്.

ലിയോയുടെ അടുത്തിരുന്ന് കുർദിശ് ഭാഷയിൽ ബ്രിഫ്കാനി സന്തോഷ ജന്മദിനം എന്ന് പറയുന്നതും ഒപ്പം ലിയോയുടെ മുഖത്തേക്ക് കേക്ക് വലിച്ചെറിയുന്നതും വീഡിയോയിൽ കാണാം. ബ്രിഫ്കാനിയുടെ സുഹൃത്തുക്കളും ചുറ്റുമുണ്ടായിരുന്നു. ലിയോയുടെ മുഖത്ത് കേക്ക് വലിച്ചെറിഞ്ഞപ്പോൾ സുഹൃത്തുക്കൾ ഭയന്നോടുകയായിരുന്നു. ദേഹത്ത് പറ്റിപിടിച്ച കേക്ക് തുടച്ച് മാറ്റാൻ ശ്രമിക്കുന്ന ലിയോയുടെ ദൃശ്യങ്ങൾ ഏറെ കരളലിയിക്കുന്നതാണ്.

ചലച്ചിത്രതാരങ്ങളുൾപ്പടെ ഉള്ളവർ വീഡിയോ സോഷ്യൽമീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. വീട്ടിൽ വളർ‌ത്തുന്ന മിണ്ടാപ്രാണിയോട് കാണിച്ച ക്രൂരതയ്ക്കെതിരെ നിരവധിയാളുകളാണ് രം​ഗത്തെത്തിയത്. കണ്ണിച്ചോരയില്ലെയെന്നും മിണ്ടാപ്രാണിയോട് ഇങ്ങനെ കാണിക്കാമോയെന്നുമാണ് ആളുകൾ ചോദിക്കുന്നത്.

അതേസമയം സംഭവത്തിൽ വിശദീകരണവുമായി ബ്രിഫ്കാനി ​രം​ഗത്തെത്തി. താൻ സിംഹത്തെ ദ്രോഹിച്ചില്ലെന്നും ലിയോ പ്രിയപ്പെട്ട വളർത്തുമൃഗമാണെന്നും ബ്രിഫ്ക്കാനി ട്വീറ്റ് ചെയ്തു. പിറന്നാൾ ആഘോഷത്തിന്റെ ആവേശത്തിൽ ചെയ്തതാണെന്നും അതിൽ താൻ ക്ഷമ ചോദിക്കുന്നുവെന്നും ബ്രിഫ്ക്കാനി കുറിച്ചു.