പൂനെ: പണം എന്നത് പലപ്പോഴും ആളുകളുടെ മനസ് മാറ്റുന്ന ഒന്നാണ്. പണം സമ്പാദിക്കാന്‍ ഏത് മാര്‍ഗം സ്വീകരിക്കാന്‍ തയ്യാറാവുന്നവരും സമൂഹത്തില്‍ കുറവല്ല. അത്തരം ആളുകള്‍ക്കിടയിലാണ് പൂനെയില്‍ നിന്നുള്ള ഈ അന്‍പത്തിനാലുകാരന്‍ മാതൃകയാവുന്നത്. പല ജോലികള്‍ ചെയ്ത് നിത്യേനയുള്ള ചെലവുകള്‍ക്ക് പണം കണ്ടെത്തുന്ന മഹാരാഷ്ട്രയിലെ സറ്റാരയിലെ ധാനാജി ജഗ്ദേലാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. 

ദീപാവലി ആഘോഷ സമയത്ത് പോക്കറ്റില്‍ വെറും മൂന്നുരൂപയുമായി റോഡിലെത്തിയ ധാനാജിയെ കാത്തിരുന്നത് ആരുടെയോ കയ്യില്‍ നിന്ന് വീണുപോയ 40000 രൂപയായിരുന്നു. പത്തുരൂപ തികച്ചെടുക്കാന്‍ കയ്യില്‍ ഇല്ലാതിരിന്നിട്ട് കൂടിയും പണത്തിന്‍റെ യഥാര്‍ത്ഥ ഉടമയെ കണ്ടെത്തി തിരികെ മടങ്ങുമ്പോള്‍ അവര്‍ സമ്മാനിച്ച പണം വാങ്ങാന്‍ പോലും ധാനാജി തയ്യാറായില്ല. 

താമസ സ്ഥലത്ത് നിന്ന് അമ്മയുടെ വീട്ടിലേക്ക് പോകാന്‍ വേണ്ട വണ്ടിക്കൂലിക്ക് തികയാതെ വന്ന തുകയായ 7 രൂപയാണ് പണത്തിന്‍റെ യഥാര്‍ത്ഥ അവകാശിയുടെ നിര്‍ബന്ധം സഹിക്കാതെ വന്നപ്പോള്‍ ധാനാജി സ്വീകരിച്ചത്. ജോലിക്ക് ശേഷം മടങ്ങി വരുമ്പോഴാണ് ബസ് സ്റ്റോപ്പില്‍ അനാഥമായി കിടക്കുന്ന പണം ധാനാജിക്ക് ലഭിക്കുന്നത്. ബസ് സ്റ്റോപ്പിന് സമീപമുള്ള കടകളിലും മറ്റും പോയി ആരെങ്കിലും പണം നഷ്ടപ്പെട്ടത് തിരഞ്ഞ് വന്നുവെന്നോയെന്ന് തിരക്കിയാണ് ധാനാജി പണത്തിന്‍റെ ഉടമയെ കണ്ടെത്തിയത്. 

ഭാര്യയുടെ ശസത്രക്രിയക്ക് വേണ്ടി ശേഖരിച്ച പണമായിരുന്നു നഷ്ടപ്പെട്ടതെന്ന് പണം നഷ്ടമായ യുവാവ് പറയുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട സറ്റാര എംഎല്‍എ ശിവേന്ദ്രരാജേ ഭോസലേ ധാനാജിയെ അഭിനന്ദിച്ചു. ഇവരില്‍ നിന്നും പണം സ്വീകരിക്കാന്‍ ധാനാജി തയ്യാറായില്ല. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട് നിരവധിപ്പേര്‍ ധാനാജിയെ സഹായിക്കാന്‍ മുന്നോട്ട് വന്നെങ്കിലും അവയൊന്നും സ്വീകരിക്കാന്‍ ധാനാജി തയ്യാറായില്ല.