Asianet News MalayalamAsianet News Malayalam

ഓൺലൈൻ ക്ലാസ്: പാവപ്പെട്ട 16 കുട്ടികൾക്ക് സ്മാർട്ട്ഫോൺ സമ്മാനിച്ച് അധ്യാപിക; കൊവിഡ് കാലത്തെ മാതൃക

16 വിദ്യാർത്ഥികൾക്ക് ഫോൺ വിതരണം ചെയ്ത ബൈരവി, സ്‌കൂൾ വീണ്ടും തുറക്കുന്നതുവരെ സ്മാർട്ട്‌ഫോണുകൾ റീചാർജ് ചെയ്യുന്നത് തുടരുമെന്ന് ഉറപ്പ് നൽകി. 

maths teacher in tamil nadu buy 16 smartphones for her students
Author
Tamilnadu, First Published Sep 8, 2020, 5:02 PM IST

ചെന്നൈ: കൊവിഡ് മഹാമാരിക്ക് പിന്നാലെ സ്കൂളുകളെല്ലാം ഓൺലൈൻ ക്ലാസുകളിലേക്ക് തിരിഞ്ഞിരിക്കുകയാണ്. സ്മാർട്ട്ഫോണുകളുടെയും ടെലിവിഷന്റെയും സഹായത്തോടെയാണ് അധ്യാപകർ  പഠിപ്പിക്കുന്നത്. എന്നാൽ  ആവശ്യമായ സംവിധാനങ്ങൾ ഇല്ലാത്തതിനാൽ ഇപ്പോഴും നിർദ്ധനരായ നിരവധി കുട്ടികൾക്ക് ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ സാധിക്കുന്നില്ല. ഇത്തരത്തിലുള്ള തന്റെ പ്രിയ വിദ്യാർത്ഥികൾക്ക് സ്മാർട്ട്ഫോൺ വാങ്ങി നൽകിയിരിക്കുകയാണ് ഒരു കണക്ക് അധ്യാപിക. 

തമിഴ്നാട്ടിലെ എലമ്പലൂർ ​ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപികയായ കെ ഭൈരവിയാണ് മറ്റുള്ളവർക്ക് മാതൃകയായിരിക്കുന്നത്. 16 കുട്ടികൾക്കാണ് ഭൈരവി സ്മാർട്ട്ഫോണുകളും സിമ്മും വാങ്ങി നൽകിയത്.  കുട്ടികളുടെ സാമ്പത്തിക പശ്ചാത്തലം കണക്കിലെടുത്താണ് ഈ അധ്യാപിക ഫോണുകൾ സമ്മാനിച്ചത്. 

"ഓൺലൈൻ പഠനത്തെ പറ്റി വിശദീകരിക്കുന്നതിന് വിവിധ ​ഗ്രാമങ്ങളിലുള്ള കുട്ടികളുടെ വീട്ടിൽ പോയി. എന്നാൽ, ഭൂരിഭാഗം കുട്ടികളും വീടുകളിൽ അടിസ്ഥാന സൗകര്യങ്ങളില്ലാതെ ദാരിദ്ര്യത്തിൽ കഴിയുന്നവരായിരുന്നു. ഇതെന്റെ മനസിനെ വല്ലാതെ വേദനിപ്പിച്ചു. ലോക്ക്ഡൗൺ കാരണം, കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഞാൻ എന്റെ വിദ്യാർത്ഥികളെ വാട്ട്‌സ്ആപ്പ് വഴിയാണ് പഠിപ്പിക്കുന്നത്. എന്നാൽ അവരിൽ ചിലർക്ക് സ്മാർട്ട്‌ഫോൺ ഇല്ല, റീചാർജ് ചെയ്യാൻ പണവുമില്ല. ഇതിനാലാണ് ഞാൻ സ്മാർട്ട്‌ഫോണുകൾ വാങ്ങി നൽകാൻ തീരുമാനിച്ചത്. എന്റെ മകളാണ് ഈ ആശയം നൽകിയത്", ഭൈരവി പറയുന്നു.

16 വിദ്യാർത്ഥികൾക്ക് ഫോൺ വിതരണം ചെയ്ത ഭൈരവി, സ്‌കൂൾ വീണ്ടും തുറക്കുന്നതുവരെ സ്മാർട്ട്‌ഫോണുകൾ റീചാർജ് ചെയ്യുന്നത് തുടരുമെന്ന് ഉറപ്പ് നൽകി. കൊവിഡിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ അഞ്ച് മാസമായി തമിഴ്നാട്ടിലെ എല്ലാ സ്കൂളുകളും അടഞ്ഞ് കിടക്കുകയാണ്.

Follow Us:
Download App:
  • android
  • ios