ജമൈക്കക്കാരി ടോണി ആന്‍ സിംഗ് ലോകസുന്ദരിയായെങ്കിലും ലോകമെമ്പാടുമുള്ള ആളുകളുടെ ഹൃദയം കവര്‍ന്നത് നൈജീരിയയില്‍ നിന്നുള്ള സുന്ദരി നികാച്ചി ഡഗ്ലസ് ആയിരുന്നു. 2019 ലെ ലോകസുന്ദരിമാര്‍ക്കായുള്ള അവസാന അഞ്ചില്‍ ഇടം നേടിയ സുന്ദരിയായിരുന്നു നികാച്ചി ഡഗ്ലസ്. മത്സരഫല പ്രഖ്യാപന സമയത്ത് നികാച്ചിയുടെ പ്രതികരണമായിരുന്നു സമൂഹമാധ്യമങ്ങളിലും അന്തര്‍ദേശീയ തലത്തില്‍ ആളുകളുടേയും ഹൃദയം കവര്‍ന്നത്.

ലോകസുന്ദരിയായി തെരഞ്ഞെടുത്തതായി പ്രഖ്യാപിച്ചപ്പോള്‍ ഏറ്റവും അടുത്ത സുഹൃത്തിന് സമ്മാനം ലഭിച്ച സന്തോഷം തുളളിച്ചാടിയും സ്റ്റേജില്‍ രണ്ട് ചുവട് നൃത്തം വച്ചും  ടോണി ആന്‍ സിംഗിനെ ആശ്ലേഷിച്ചുമാണ് നികാച്ചി പങ്കുവച്ചത്. മത്സരഫലത്തിന്‍റെ അമ്പരപ്പ് വിട്ടുമാറാതിരുന്ന ടോണിയെ കിരീടധാരണ സമയത്ത് പ്രോല്‍സാഹിപ്പിക്കാനും നികാച്ചി മുന്‍പിലുണ്ടായിരുന്നു.

തനിക്ക് കിരീടം നഷ്ടമായെന്ന വിഷമം തെല്ലുപോലും പ്രകടിപ്പിക്കാതെ ആത്മാര്‍ത്ഥമായായിരുന്നു നികാച്ചിയുടെ പ്രതികരണമെന്നാണ് അന്തര്‍ദേശീയ തലത്തില്‍ ആളുകള്‍ പ്രതികരിക്കുന്നത്. ഇതിനോടകം തന്നെ ഫലപ്രഖ്യാപന വേളയിലെ നികാച്ചിയുടെ പ്രതികരണ വീഡിയോ വൈറലായിക്കഴിഞ്ഞു. ഒരാളെ അഭിനന്ദിക്കുമ്പോള്‍ അതില്‍ ആത്മാര്‍ത്ഥ ഇത്രയെങ്കിലും വേണമെന്ന കുറിപ്പോടെയാണ് നികാച്ചിയുടെ വീഡിയോയും ചിത്രങ്ങളും പ്രചരിക്കുന്നത്. മറ്റുള്ളവരുടെ നേട്ടത്തില്‍ സന്തോഷിക്കാന്‍ നിക്കാച്ചിയെ കണ്ടുപടിക്കണമെന്നാണ് ആളുകളുടെ പ്രതികരണം. ലോകസുന്ദരിപട്ടം കിട്ടിയത് ആര്‍ക്കാണെന്ന കാര്യത്തില്‍ സംശയം തോന്നുന്ന വിധമായിരുന്നു നിക്കാച്ചിയുടെ പ്രതികരണം. മറ്റുള്ളവരുടെ ഉയര്‍ച്ചയില്‍ സന്തോഷം കണ്ടെത്താന്‍ മറക്കുന്നവര്‍ക്ക് മനോഹരമായ മാതൃക നിക്കാച്ചി നല്‍കുന്നെന്നാണ് വീഡിയോയ്ക്ക് ലഭിക്കുന്ന പ്രതികരണം. 

ഈ വര്‍ഷത്തെ ലോക സുന്ദരി മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച സുമന്‍ റാവു മൂന്നാമതത്തെത്തിയപ്പോള്‍ രണ്ടാം സ്ഥാനം ഫ്രാന്‍സിന്‍റെ ഒഫേലി മെസിനോയാണ് നേടിയത്. 23 കാരിയായ ടോണി ആന്‍ വുമന്‍സ് സ്റ്റഡീസ് ആന്‍റ് സൈക്കോളജി വിദ്യാര്‍ത്ഥിനിയാണ്. അമേരിക്കയിലെ ഫ്ലോറിഡ സ്റ്റേറ്റ് യൂണിവേഴിസിറ്റിയിലാണ് ടോണി പഠിക്കുന്നത്. 

ലോക സുന്ദരിയാകുന്ന നാലാമത്തെ ജമൈക്കന്‍ പെണ്‍കുട്ടിയാണ് ടോണി. പാട്ടുപാടുക. ആഹാരം പാകം ചെയ്യുക, വ്ളോഗിംഗ്, സന്നദ്ധപ്രവര്‍ത്തനങ്ങള്‍, എന്നിവയാണ് ടോണിയുടെ ഇഷ്ടങ്ങള്‍.