Asianet News MalayalamAsianet News Malayalam

അമേരിക്കയിലെ മോഡേൺ ലുങ്കി; വില 12,200!; പക്ഷെ മലയാളിക്ക് ചിലത് പറയാനുണ്ട്

നാട്ടിൽ ഇരുന്നോറോ മുന്നൂറോ രൂപ കൊടുത്താൽ വാങ്ങിക്കാൻ കിട്ടുന്ന ലുങ്കിക്ക് വിദേശത്ത് എത്രയാണെന്നോ വില? 175 ഡോളർ എന്ന് വച്ചാൽ നാട്ടിലെ 12,200 രൂപ

modern lungi hits american market
Author
Mumbai, First Published May 12, 2019, 11:56 PM IST

വാഷ്ങ്ടൺ: ഇന്ത്യയിലെ പല വസ്ത്രങ്ങളും ആ​ഗോളത്തലത്തിലേക്ക് കടമെടുക്കപ്പെട്ടതായി നാം കണ്ടിട്ടുണ്ട്. ഇന്ത്യക്കാരുടെ ദേശീയ വസ്ത്രമായ സാരി പോലും വിദേശികൾ എന്നേ കടമെടുത്തിരിക്കുന്നു. അതുപോലെ ദക്ഷിണേന്ത്യയുടെ മാത്രം സ്വകാര്യ സ്വത്തായ ലുങ്കിയും ഇപ്പോൾ കടൽ കടന്ന് വിദേശരാജ്യങ്ങളിൽ താരമായി കൊണ്ടിരിക്കുകയാണ്. നാട്ടിൽ ഇരുന്നോറോ മുന്നൂറോ രൂപ കൊടുത്താൽ വാങ്ങിക്കാൻ കിട്ടുന്ന ലുങ്കിക്ക് വിദേശത്ത് എത്രയാണെന്നോ വില? 175 ഡോളർ എന്ന് വച്ചാൽ നാട്ടിലെ 12,200 രൂപ. 

ഒറ്റ നോട്ടാൽ ലുങ്കിയാണെന്ന് തോന്നുമെങ്കിലും നമ്മുടെ ലുങ്കി പോലെയല്ല ഈ മോഡേൺ ലുങ്കി. ലുങ്കിക്ക് ഒരൽപം ട്വിസ്റ്റ് നൽകി വ്യത്യസ്തമായൊരു രീതിയിലാണ് ഈ മോഡേൺ ലുങ്കി ഡിസൈൻ ചെയ്തിരിക്കുന്നത്. ലിനൻ, സിൽക്ക് തുണികൊണ്ടാണ് മോഡേൺ ലുങ്കി നിർമിച്ചിരിക്കുന്നത്. ലുങ്കി കെട്ടുന്നതിന് പകരം രണ്ട് ഹുക്കുകൾ പിടിപ്പിച്ചിട്ടുണ്ട്. ഹുക്കുകളിൽ ഒന്ന് ലുങ്കിയുടെ ഒരറ്റത്തും മറ്റെ ഹുക്ക് ലുങ്കിയുടെ മറ്റെ അറ്റത്തുമാണ് പിടിപ്പിച്ചിരിക്കുന്നത്. ലുങ്കി ചുറ്റി ഈ ഹുക്കുകൾ തമ്മിൽ ബന്ധിപ്പിക്കണം. ലുങ്കിയുടെ മുൻ വശത്തും പുറകിലുമായി പോക്കറ്റുകൾ പിടിപ്പിച്ചിട്ടുണ്ട്. രണ്ട് നിറങ്ങളിലാണ് ലുങ്കികൾ ലഭിക്കുക. അമേരിക്കൻ പാൻ്റ്സിന്റെ അളവുകളിൽ മോഡേൺ ലുങ്കികൾ ലഭിക്കും. 

അതേസമയം മോഡേൺ ലുങ്കി കണ്ട് അമ്പരന്നിരിക്കുകയാണ് തെന്നിന്ത്യക്കാർ. അപ്പൂപ്പനും അച്ഛനുമൊക്കെ പണ്ട് കാലം മുതൽ ഉടുത്ത് കൊണ്ടിരിക്കുന്ന ലുങ്കിയെ മാറ്റം വരുത്തി സ്റ്റൈലൻ വസ്ത്രമായി അവതരിപ്പിച്ചത് മലയാളികൾക്കടക്കം തീരെ അങ്ങോട്ട് പിടിച്ചിട്ടില്ല. മോഡേൺ ലുങ്കിയുടെ ചിത്രങ്ങൾ പുറത്തുവിട്ടതോടെ സമൂഹമാധ്യമത്തിലാകെ ട്രോളുകളുടെ മേളമാണ്. ഇങ്ങനെ മടക്കിക്കുത്താൻ കഴിയുന്നതാണ് ലുങ്കികൾ. അല്ലാത്തപക്ഷം അവ ലുങ്കികളെയല്ലാ എന്നായിരുന്നു ഒരു ട്വിറ്റർ യൂസറിന്റെ കമന്റ്. ദൃശ്യം എന്ന ചിത്രത്തിൽ തൂമ്പ പിടിച്ച് ലുങ്കി മടക്കിക്കുത്തി നിൽക്കുന്ന മോഹൻ‌‌ലാലിന്റെ ചിത്രം പോസ്റ്റ് ചെയ്തായിരുന്നു യൂസറിന്റെ കമന്റ്. 

ലുങ്കിക്കു ചെറിയ മാറ്റം നൽകി സ്കർട്ട് എന്ന് വിളിക്കുന്നതായിരിക്കും നല്ലതെന്ന് ചിലർ പറയുന്നു. ലുങ്കി സ്കർട്ട് എന്നാണു വിളിക്കേണ്ടതെന്നു പറയുന്നവരും ഉണ്ട്. കമന്റുകളിൽ മിക്കതും ലുങ്കിയുടെ വിലകേട്ട് ഞെട്ടിയവരാണ്. 12,200 രൂപ കൊടുത്ത് വാങ്ങാൻ മാത്രമൊന്നും ഈ മോഡേൺ മുണ്ട് ഇല്ലെന്നാണ് ഒരുപക്ഷമെങ്കിൽ രണ്ട് പോക്കറ്റ് ഉള്ളത് കൊണ്ട് അത്രയും വില കൊടുക്കാമെന്നാണ് മറ്റൊരു പക്ഷം. 

മുമ്പ് ആഗോള തലത്തിൽ ശ്രദ്ധിക്കപ്പെട്ട ഫാഷൻ ബ്രാൻഡായ സാറ ഇതുപോലെരു ലുങ്കി വിപണിയിൽ അവതരിപ്പിച്ചിരുന്നു. ഫ്ലോയിങ് സ്കര്‍‌ട്ട് എന്ന പേരിലാണ് ബ്രാൻഡ് വിപണിയിലിറക്കിയത്. മുൻഭാഗത്തു ഞൊറിഞ്ഞുകുത്തിയതു പോലുള്ള ഡിസൈനും സ്ലിറ്റുമെല്ലാം സ്കര്‍ട്ടിനെ വ്യത്യസ്തമാക്കുന്നു. പോളിസ്റ്ററും വിസ്കോസും ചേർന്നു നിർമിച്ച സ്കർട്ട് ഡ്രൈ ക്ലീനിങ് മാത്രമേ ചെയ്യാൻ പാടൂവെന്നും നിർമാതാക്കള്‍ പറയുന്നുണ്ട്. എന്നാൽ ബ്രൗൺ കളറിൽ ചെക് ഡിസൈനുകളോടു കൂടിയ സ്കർട്ടിന്റെ വില കേട്ടാണ് പലരും ഞെട്ടിയത്. ആറായിരത്തി അഞ്ഞൂറിനടുത്തായിരുന്നു ഫ്ലോയിങ് സ്കര്‍‌ട്ടിന്റെ വില. 
 

Follow Us:
Download App:
  • android
  • ios