വള്ളികളില്‍ തൂങ്ങി ഇറങ്ങി പുറത്തിരുന്ന കുരങ്ങ്  മാനിനെ അല്‍പം പോലും അലോസരപ്പെടുത്തില്ലെന്ന് വ്യക്തമാക്കുന്നതാണ് ചിത്രം

ടോക്കിയോ: മാനിന്റെ പുറത്തേറി കൊടുങ്കാട്ടിലൂടെ നീങ്ങുന്ന കുരങ്ങിന്റെ ചിത്രം വൈറലാവുന്നു. ലണ്ടനിലെ നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയമാണ് ഈ വര്‍ഷത്തെ മികച്ച ചിത്രത്തിനുള്ള മത്സരത്തിനെത്തിയ ഈ അപൂര്‍വ്വ ചിത്രം പുറത്ത് വിട്ടത്. ജപ്പാനിലെ കാട്ടില്‍ നിന്ന് അറ്റ്സുയുകി ഒഷിമ എന്ന ഫോട്ടോഗ്രാഫറാണ് ഈ അപൂര്‍വ്വ ദൃശ്യത്തിന്റെ ചിത്രമെടുത്തത്. യാകുഷിമ മക്വാകേ ഇനത്തിലുള്ള കുരങ്ങും മാനും തമ്മില്‍ സൌഹൃദം അപൂര്‍വ്വമായതിനാല്‍ വലിയ രീതിയിലാണ് ചിത്രം പ്രശംസിക്കപ്പെടുന്നത്.

വള്ളികളില്‍ തൂങ്ങി ഇറങ്ങി പുറത്തിരുന്ന കുരങ്ങ് മാനിനെ അല്‍പം പോലും അലോസരപ്പെടുത്തില്ലെന്ന് വ്യക്തമാക്കുന്നതാണ് ചിത്രം. വളരെ കൂളായി കുരങ്ങിനേയും പുറത്തിരുത്തിയാണ് മാന്‍ മുന്നോട്ട് നീങ്ങുന്നത്. അറ്റ്സുയുകി ഒഷിമ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച ഈ ചിത്രത്തിന് വലിയ രീതിയില്‍ പ്രശംസ നേടിയിരുന്നു. ഇതിന് പിന്നാലെയാണ് ലണ്ടനിലെ നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയത്തിന്റെ മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പെണ്‍കുരങ്ങാണ് ഇത്തരമൊരു ഫ്രീ റൈഡ് തരപ്പെടുത്തിയത്.

View post on Instagram

95 രാജ്യങ്ങളില്‍ നിന്നായി എത്തിയ 49957 ചിത്രങ്ങളില്‍ നിന്നാണ് ഈ ഫ്രീ റൈഡ് ചിത്രം തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ജപ്പാനിലെ യാകുഷിമ ദ്വീപിലാണ് ഈയിനം കുരങ്ങുകളെ സാധാരണയായി കാണാറുള്ളത്. 12000 ഓളം കുരങ്ങുകളാണ് ഈയിനത്തില്‍ ഇവിടെയുള്ളത്. നിരവധി മാനുകളും ജപ്പാന്റെ ദക്ഷിണ മേഖലയിലെ ഈ ദ്വീപിലുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം