'ഏറെ അഭിമാനിക്കുന്ന നിമിഷമാണിത്. അതേ, അറുപത് ശതമാനമാണ്. 90 ശതമാനമല്ല. അത് എന്‍റെ അഭിമാനത്തെ കുറയ്ക്കുന്നില്ല'.

ദില്ലി: പരീക്ഷാഫലങ്ങള്‍ പ്രഖ്യാപിക്കുന്ന സമയമാണിത്. ഫലം പ്രഖ്യാപിക്കുമ്പോള്‍ ഇന്ന് മക്കളേക്കാള്‍ ഏറെ ഭയം മാതാപിതാക്കള്‍ക്കാണ്. മക്കള്‍ക്ക് മുഴുവന്‍ മാര്‍ക്കും ലഭിക്കണമെന്നാഗ്രഹിക്കുന്നവരും ലഭിക്കാത്ത മാര്‍ക്കിനെക്കുറിച്ച് വിലപിക്കുന്ന മാതാപിതാക്കളുള്ള ഈ കാലത്ത് മകന് ലഭിച്ച മാര്‍ക്ക് അറുപത് ശതമാനം മാര്‍ക്കിന് അവനെ അഭിനന്ദിച്ച് എത്തിയ ഒരു അമ്മയാണ് സോഷ്യല്‍ മീഡിയയില്‍ താരമാകുന്നത്. 

മകനെ അഭിനന്ദിച്ച് ഡൽഹി സ്വദേശിനിയായ വന്ദനയാണ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. സിബിഎസ് സി സിലബസില്‍ പത്താം ക്ലാസില്‍ പഠിക്കുന്ന ഇവരുടെ മകന് 60 ശതമാനം മാര്‍ക്കാണ് ലഭിച്ചത്. സാധാരണ മാതാപിതാക്കളില്‍ നിന്നും വ്യത്യസ്തമായി മകനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് അമ്മ. 

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:

'പത്താം ക്ളാസ് ബോര്‍ഡ് എക്സാമില്‍ എന്‍റെ മകന്‍ 60 ശതമാനം മാര്‍ക്ക് വാങ്ങി വിജയിച്ചിരിക്കുകയാണ്. ഞാന്‍ ഏറെ അഭിമാനിക്കുന്ന നിമിഷമാണിത്. അതേ, അറുപത് ശതമാനമാണ്. 90 ശതമാനമല്ല. അത് എന്‍റെ അഭിമാനത്തെ കുറയ്ക്കുന്നില്ല. ചില വിഷയങ്ങളില്‍ അവന്‍ ഏറെ വിഷമിച്ചിരുന്നു.

അവസാനത്തെ ഒന്നരമാസത്തെ പ്രയത്നത്തിലൊടുവിലാണ് ഈ മാര്‍ക്ക് വാങ്ങാന്‍ സാധിച്ചത്. ഒരോത്തരുടെയും കഴിവ് മനസ്സിലാക്കണം. മത്സ്യത്തോട് മരത്തിന് മുകളില്‍ കയറാന്‍ പറഞ്ഞാല്‍ അതിനെക്കൊണ്ട് സാധിക്കില്ലെന്ന് ഉറപ്പാണ്. നീ നിനക്ക് ഇഷ്ടമുള്ള കോഴ്സ് തിരഞ്ഞെടുക്കണം. നിന്നിലെ നല്ല ഗുണങ്ങള്‍ എന്നും നില നിര്‍ത്തൂ' എന്നും വന്ദന ഫേസ്ബുക്കില്‍ കുറിക്കുന്നു. 

ആയിരങ്ങളാണ് വന്ദനയുടെ ഫേസ്ബുക്ക് പോസ്റ്റ് ഏറ്റെടുത്ത് രംഗത്തെത്തിയത്. ഇങ്ങനെയാവണം മാതാപിതാക്കളെന്നും കുട്ടികളെ ബുദ്ധിമുട്ടിക്കുകയോ മാര്‍ക്ക് ലഭിക്കാത്തതിന് ചീത്ത പറയുകയോ അല്ല, പകരം അവരുടെ കഴിവിനെ മനസ്സിലാക്കുകയാണ് മാതാപിതാക്കള്‍ ചെയ്യേണ്ടതെന്നുമാണ് സോഷ്യല്‍ മീഡിയയിലെ ഭൂരിഭാഗം കമന്‍റുകളും.