കാസര്‍കോട്: ഒരു നിധി കിട്ടിയ സന്തോഷത്തിലാണ് കാസര്‍കോട് സ്വദേശിയായ നാരായണിയമ്മ. 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് കളഞ്ഞ് പോയ സ്വര്‍ണ്ണക്കമ്മല്‍ തിരിച്ച് കിട്ടിയതിന്‍റെ പത്തരമാറ്റ് സന്തോഷത്തില്‍. നിധിപോലെ ആ കമ്മല്‍ കുഴിച്ചെടുത്ത് നല്‍കിയത് തൊഴിലുറപ്പ് ജോലിക്കാരാണ്. കാസര്‍കോട് സ്വദേശിയും മാധ്യമപ്രവര്‍ത്തകനുമായ വിനോദ് പായം ആണ്  നാരായണി അമ്മയുടെ നഷ്ടപ്പെട്ട ജിമിക്കി കമ്മല്‍ 20 വര്‍ഷങ്ങള്‍ക്ക് ശേഷം തിരികെ ലഭിച്ചതിനെക്കുറിച്ച് ഫേസ്ബുക്കിലൂടെ പങ്കുവച്ചത്.

2000 ല്‍ ആണ് 85 കാരിയായ നാരായണിയുടെ സ്വര്‍ണകമ്മല്‍ കളഞ്ഞുപോയത്. കല്യാണത്തിന് അച്ഛനും അമ്മയും വാങ്ങിത്തന്ന ജിമിക്കി കമ്മലായിരുന്നു. അതുകൊണ്ട് നഷ്ടപ്പെട്ടപ്പോള്‍ ഭയങ്കര സങ്കടമായിരുന്നു. അമ്മയുടെ വിഷമം കണ്ട് അതുപോലൊരു കമ്മല്‍ വാങ്ങിനല്‍കിയെങ്കിലും ആ നഷ്ടത്തിന്റെ വേദന കുറഞ്ഞില്ല. 20 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രിയപ്പെട്ട കമ്മല്‍ ആ അമ്മയ്ക്ക് തിരിച്ചുകിട്ടിയിരിക്കുകയാണ്.  

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം

നാരായണി വല്യമ്മേടെ ജിമിക്കി മൊട്ട് കാണാതാകുമ്പോൾ പവന് 4400 രൂപയായിരുന്നു വില. വരുന്നോരോടും പോവുന്നോരോടും വല്യമ്മ സങ്കടം പറഞ്ഞു. ആകെയുള്ള സ്വർണത്തരി ആർക്കും കിട്ടാതെ മണ്ണ് തിന്നതിൽ രാവും പകലും അവർ ബേജാറിലായി!
20 വർഷം പിന്നിട്ടു. ബേഡകം പഞ്ചായത്തിലെ ഒമ്പതാം വാർഡ് എടമ്പൂരടിയിൽ തൊഴിലുറപ്പിൻ്റെ ഭാഗമായി കരനെല്ലിൻറെ കള പറിക്കും കാലം!

തെഴുത്തു വളരുന്ന ദുരിതക്കാലത്തിന്മേൽ മറ്റൊരു പച്ചക്കതിർ തെളിഞ്ഞു വരും കാലം!
ഇതാ ഞാൻ, ഇതാ ഞാൻ എന്ന് ആത്മാവിൽ മുട്ടി വിളിച്ച് കമ്മൽ മണ്ണിന് മേൽ കണ്ണു മിഴിച്ച് ഉയർന്നു വന്നു.
തൊഴിലുറപ്പുകാരിലെ മുതിർന്നവർക്ക് അന്നേരം വല്യമ്മയെ ഓർമ വന്നു. അവരുടെ ജിമിക്കി കമ്മൽ ഓർമ വന്നു. അവരുടെ സങ്കടങ്ങൾ ഓർമ വന്നു.

പവന് 40,000 ആയ കാലത്ത്, ആ സ്വർണ നിക്ഷേപം മണ്ണിൽ നിന്ന് അതിൻറെ ഉടയോനെ തേടിച്ചെന്നു!
എത്ര സുന്ദര ചിത്രം! എത്ര മനോഹര കാലം