ട്രെയിൻ യാത്രയ്ക്കിടെ പോലീസ് ഉദ്യോഗസ്ഥർ തിരിച്ചറിയൽ രേഖ കാണിക്കാതെ ലഗേജ് പരിശോധിക്കുകയും വീഡിയോ റെക്കോർഡ് ചെയ്യുകയും ചെയ്തുവെന്ന് ഒരു വനിതാ യാത്രക്കാരി ആരോപിച്ചു. യുവതി പങ്കുവെച്ച വീഡിയോ വൈറലായി
ദില്ലി: ട്രെയിൻ യാത്രയ്ക്കിടെ പൊലീസ് ഉദ്യോഗസ്ഥർ തന്ററെ ലഗേജ് പരിശോധിക്കുകയും തിരിച്ചറിയൽ രേഖകൾ കാണിക്കാതെ വീഡിയോ റെക്കോർഡ് ചെയ്യുകയും ചെയ്തുവെന്നാരോപിച്ച് വനിതാ യാത്രക്കാരി രംഗത്ത്. ഇൻസ്റ്റാഗ്രാം ഉപയോക്താവായ സൈബ പങ്കുവെച്ച ഈ വീഡിയോ 16 ദശലക്ഷത്തിലധികം കാഴ്ചകളുമായി അതിവേഗം വൈറലായി.
വീഡിയോയിൽ ചില പോലീസ് ഉദ്യോഗസ്ഥർ യുവതിയുടെ ബാഗ് പരിശോധിക്കുന്നതും ഒരാൾ തിരിച്ചറിയൽ രേഖ ആവശ്യപ്പെടുന്നതും കാണാം. എന്നാൽ യുവതി തൻ്റെ വീഡിയോ റെക്കോർഡ് ചെയ്യുന്നതിന്റെ കാരണം ചോദ്യം ചെയ്യുകയും അവരുടെ വീഡിയോ കാണിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു. ഇൻസ്റ്റാഗ്രാമിൽ സംഭവം പങ്കുവെച്ചുകൊണ്ട് സൈബ കുറിപ്പ് പങ്കുവച്ചു.
'ഇന്ന് രാവിലെ 5 മണിയോടെ കുറച്ച് പേർ ട്രെയിനിൽ വന്ന് ബാഗുകൾ പരിശോധിക്കാൻ തുടങ്ങി. ഐഡി കാർഡ് കാണിക്കാതെ അവർ ഞങ്ങളുടെ വീഡിയോ റെക്കോർഡ് ചെയ്തു. പുരുഷ പൊലീസ് ഉദ്യോഗസ്ഥർക്ക് എങ്ങനെയാണ് സ്ത്രീകളുടെ ബാഗുകൾ പരിശോധിക്കാൻ കഴിയുക? വനിതാ പോലീസ് ഉദ്യോഗസ്ഥർക്ക് മാത്രമേ അതിന് അനുവാദമുള്ളൂ.
ഐഡി കാണിക്കാനോ പൊലീസാണെന്ന് സ്ഥിരീകരിക്കാനോ ആവശ്യപ്പെട്ടപ്പോൾ അവർ പ്രതികരിച്ചില്ല. ഇത് തെറ്റാണ്, ഓരോ യാത്രക്കാരനും അവരുടെ അവകാശങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കണം. പരിശോധന നടത്തുകയാണെങ്കിൽ എല്ലാവരുടെയും ബാഗുകൾ പരിശോധിക്കണം, അല്ലാതെ ഒരാളുടെ മാത്രം ബാഗല്ലെന്നും യുവതി കുറിക്കുന്നു.
ഈ വീഡിയോ ഓൺലൈനിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചു. റെയിൽവേ അധികൃതർ ഉത്തരം പറയണമെന്ന് നിരവധി ഉപയോക്താക്കൾ ആവശ്യപ്പെട്ടു. ഉത്തരവാദിത്തമില്ലാത്ത പരിശോധനകൾക്കിടയിൽ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാൻ യാത്രക്കാർക്ക് അവകാശമുണ്ടെന്ന് പലരും യുവതിയെ പിന്തുണച്ചുകൊണ്ട് കുറിച്ചു. എന്നാൽ, ഈ വൈറൽ വീഡിയോയോട് ഇന്ത്യൻ റെയിൽവേ ഇതുവരെ പ്രതികരിച്ചിട്ടില്ല.


